ആ ട്രെയിന്‍ എന്തിന് തെരഞ്ഞെടുത്തു... എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ അട്ടിമറി സംശയം; തീ ഉയര്‍ന്നത് പിന്‍ഭാഗത്തെ കോച്ചില്‍; അഗ്‌നിശമന വിഭാഗം എത്തി തീ അണച്ചു; കത്തിനശിച്ചത് എലത്തൂരില്‍ തീവെപ്പുണ്ടായ അതേ തീവണ്ടി; നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ തീപിടിത്തം അന്വേഷിക്കാന്‍ എന്‍ഐഎ എത്താന്‍ സാധ്യത. നിലവില്‍ ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷിക്കുന്നതിനാല്‍ ഇതിന്റെ അന്വേഷണം കൂടി ഏറ്റെടുക്കുന്നത് എളുപ്പമാകും.
അതേസമയം എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ ഉണ്ടായ തീപിടുത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ വ്യക്തമാക്കി. ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ച സംഭവം പുലര്‍ച്ചെ 1.45 ഓടെ ആണ് ഉണ്ടായത്. കോച്ചിന്റെ ഭാഗത്തേക്ക് ഒരാള്‍ കാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പൊലീസ്.
പിന്‍ഭാഗത്തെ ജനറല്‍ കോച്ചില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. അഗ്‌നിശമന വിഭാഗം എത്തി തീ അണച്ചു. അതേസമയം, സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കത്തിയത് എലത്തൂരില്‍ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. രാത്രി കണ്ണൂരില്‍ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.
തീപിടിത്തത്തില്‍ പിന്നിലെ ജനറല്‍ കോച്ച് പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.
ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടന്‍ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. പുലര്‍ച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ്.
ഏപ്രില്‍ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവില്‍ തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്. കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബര്‍ 20-ന് പുലര്‍ച്ചെ 4.45-ന് കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു. പിറകില്‍ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമക്ക് (45) ഗുരുതരമായി പൊള്ളലേറ്റു. ദേഹമാസകലം തീപടര്‍ന്ന ഫാത്തിമ ദാരുണമായി കൊല്ലപ്പെട്ടു.
റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ച് കത്തിനശിച്ചതിന് പിന്നാലെ സംഭവത്തില്‍ നിര്‍ണായക തെളിവായേക്കുമെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരാള്‍ തീവണ്ടിക്ക് സമീപത്തുകൂടി നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വ്യക്തതയുള്ള ദൃശ്യങ്ങളല്ല പുറത്തുവന്നിട്ടുള്ളത്.
എങ്കിലും സിസിടിവി ദൃശ്യം കേസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ കരുതുന്നത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍വച്ച് തീവെപ്പുണ്ടായ അതേ തീവണ്ടിയാണ് കത്തിനശിച്ചത് എന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
ഒരു കോച്ചിന് തീപ്പിടിച്ച വിവരം റെയില്‍വേ ജീവനക്കാരനാണ് അറിയിച്ചതെന്ന് സ്റ്റേഷന്‍ സൂപ്രണ്ട് പറഞ്ഞു. ഉടന്‍തന്നെ അഗ്‌നിരക്ഷാ സേനയേയും പോലീസിനെയും വിവരം അറിയിക്കുകയും അപകട മുന്നറിയിപ്പ് നല്‍കുന്ന അലാറം മുഴക്കുകയും ചെയ്തു. അഞ്ച് മിനിട്ടുകൊണ്ട് അഗ്‌നിരക്ഷാ സേനയെത്തി. കോച്ചിന്റെ ഒരുഭാഗം കത്തിനശിക്കുകയല്ല മൊത്തത്തില്‍ തീപ്പിടിക്കുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് പറഞ്ഞു.
കോച്ചിന് പുറത്തുനിന്നല്ല തീ കത്തിയിട്ടുള്ളത്. റെയില്‍വെയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥമൂലം തീപിടിത്തമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. മാലിന്യം കത്തിക്കലോ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടോമൂലം ഉണ്ടായ അപകടമാകാനും സാധ്യതയില്ലെന്നും സ്റ്റേഷന്‍ സൂപ്രണ്ട് പറഞ്ഞു. അതിനിടെ, സംഭവത്തിന് പിന്നാലെ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















