പെട്രോള്‍ വാങ്ങി നല്‍കിയില്ല.... വര്‍ക്കലയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം... പ്രതി അറസ്റ്റില്‍

പെട്രോള്‍ വാങ്ങി നല്‍കിയില്ല.... വര്‍ക്കലയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം... പ്രതി അറസ്റ്റില്‍. ചെറുന്നിയൂര്‍ കാറാത്തല മണി ഭവനത്തില്‍ കൈലാസ് നാഥി(23)നാണ് തലയില്‍ കുത്തേറ്റത്.
പ്രതിയായ വര്‍ക്കല കോട്ടുമൂല വിളയില്‍വീട്ടില്‍ അസീ (33)മിനെ വര്‍ക്കല പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വര്‍ക്കല ക്ഷേത്രം റോഡില്‍ നടയ്ക്കാമുക്കിനു സമീപമാണ് സംഭവം നടന്നത്.
ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് അസീം റോഡരികില്‍ നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് അസീമിന്റെ പരിചയക്കാരനായ അഖിലും കൈലാസ് നാഥും ബൈക്കില്‍ അതുവഴി പോയത്. അഖിലിനെ അസീം വിളിച്ച് പെട്രോള്‍ വാങ്ങിനല്‍കാനായി ആവശ്യപ്പെട്ടു.
അഖില്‍ വിസമ്മതിച്ചതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ, അസീം കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് കൈലാസ് നാഥിന്റെ തലയില്‍ കുത്തുകയായിരുന്നു.
തലയോട്ടിയില്‍ തറയ്ക്കുന്ന രീതിയില്‍ കുത്തുകയും കത്തിയുടെ പിടി ഒടിയുകയും ചെയ്തതായി പോലീസ്. കൈലാസ് നാഥിനെ അഖില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സജിയുടെ നേതൃത്വത്തില്‍ തലയില്‍നിന്നു കത്തി നീക്കം ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അസീമിനെ രാത്രിതന്നെ പൊലീസ് പിടികൂടി. കൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘമെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുത്ത് വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha





















