മണ്ണാറശ്ശാല അമ്പലത്തിലേക്ക് പോയ യുവതിയുടെ നാല് പവന്റെ മാല മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ രഹസ്യാന്വേഷണത്തിനൊടുവില്‍ പോലീസ് വലയിലാക്കി
ബൈക്കിലെത്തി ആദ്യം സ്ത്രീകളുടെ കഴുത്തില്‍ ആഭരണമുണ്ടോയെന്ന് നോക്കി വയ്ക്കും..... പിന്നീട് പുറകെ വന്ന് ആളില്ലാത്ത നേരം നോക്കി കഴുത്തില്‍കയറി പിടിച്ച് മാല പൊട്ടിക്കുന്ന പതിവ് രീതി ഇത്തവണയും... മണ്ണാറശ്ശാല അമ്പലത്തിലേക്ക് പോയ യുവതിയുടെ നാല് പവന്റെ മാലയാണ് മോഷ്ടിച്ച് പ്രതി കടന്ന് കളഞ്ഞത്, രഹസ്യാന്വേഷണത്തിനൊടുവില്‍ പ്രതി പോലീസ് പിടിയില്‍.
സ്‌കൂട്ടറില്‍ സഞ്ചരിക്കുയായിരുന്ന യുവതിയെ ബൈക്കില്‍ ഹെല്‍മറ്റ് വച്ച് പ്രതി പിന്തുടര്‍ന്നാണ് നാല് പവന്റെ മാല പൊട്ടിച്ചത്. മഹാദേവികാട് അജിത്ത് ഭവനില്‍ അജിത്ത് (39) ആണ് അറസ്റ്റിലായത്. ഹരിപ്പാട് പൊലീസാണ് ഇയാളെ പിടികൂടിയത്. സ്‌കൂട്ടറില്‍ പുലര്‍ച്ചെ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണ പിള്ളയുടെ ഭാര്യ വത്സലയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.
യുവതി സ്‌കൂട്ടറില്‍ യാത്ര ചെയ്ത് വരവേ പുറകില്‍ നിന്നു ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചു വന്ന അജിത്ത് കഴുത്തില്‍ നിന്നു നാല് പവന്‍ മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ യുവതി താഴെ വീണു അലറി വിളിച്ചെങ്കിലും പുലര്‍ച്ചെയായതിനാല്‍ ഈ സമയത്തും സമീപത്ത് ആരും ഉണ്ടായിരുന്നില്ല. യുവതി പ്രതിയുടെ ബൈക്കിന് പിന്നാലെ ഓടിയെങ്കിലും ഇയാള്‍ അതിവേഗത്തില്‍ ബൈക്കോടിച്ച് രക്ഷപ്പെട്ടു.
തുടര്‍ന്ന് യുവതി ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതില്‍ നിന്നു പ്രതി ഉപയോഗിച്ചത് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഹീറോ ഹോണ്ട ഗ്ലാമര്‍ എന്ന വണ്ടിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു.
ബൈക്ക് സഞ്ചരിച്ചത് കൂടുതലും ഇടവഴികളിലൂടെയായിരുന്നു. നേരിട്ടു ഹൈവേയില്‍ കയറാനായി റോഡ് ഉണ്ടായിട്ടും ഇങ്ങനെ പോയതിനാല്‍ പൊലീസിനു സംശയം വര്‍ദ്ധിക്കുകയും ചെയ്തു. പ്രതി മെയിന്‍ റോഡില്‍ നിന്നു തിരിഞ്ഞു അകത്തോട്ടുള്ള വഴിയേ പോകുന്നതായി മനസിലാക്കി.
ആ പ്രദേശത്തു ഗ്ലാമര്‍ ബൈക്കുകള്‍ ഉള്ള ആളുകളുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമായി അന്വേഷിച്ചാണ് പ്രതിയെ കണ്ടെത്തിയത്.ഇയാളില്‍ നിന്നു മാല വിറ്റുകിട്ടിയ 1,02,000 രൂപയും, മാല വിറ്റ സ്ഥാപനത്തില്‍ നിന്നു 22.850 ഗ്രാം സ്വര്‍ണവും ഇയാള്‍ കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ടാ ഗ്ലാമര്‍ ബൈക്കും പൊലീസ് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha