കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം, ആളുകൾ പരിഭ്രാന്തിയിൽ, ഉഗ്ര ശബ്ദം കേട്ടത്... എരുമേലി വിമാനത്താവളത്തിനുള്ള നിർദിഷ്ട സ്ഥലത്തിന് കേവലം ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ചേനപ്പാടിയിൽ

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ. എരുമേലി ചേനപ്പാടിയിൽ ഇന്ന് പുലർച്ചെ നാലരക്ക് ശേഷമാണ് സംഭവം. എരുമേലി വിമാനത്താവളത്തിനുള്ള നിർദിഷ്ട സ്ഥലത്തിന് കേവലം ഒരു കിലോമീറ്റർ മാത്രം അകലെയാണ് ചേനപ്പാടി എന്നും ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച ശബ്ദം തുടർച്ചയായി കേട്ടത് ആളുകൾക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു.
ഇതിനെ തുടർന്ന് പ്രദേശത്ത് പരിശോധനയും നടത്തി. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും ഭൂമികുലുക്കത്തിന് സമാനമായ തോന്നിയെന്നും പ്രദേശവാസികൾ പറഞ്ഞു.എന്നാൽ നേരത്തെ ശബ്ദം കേട്ടപ്പോൾ പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്. സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടന്നില്ല.
കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആശങ്ക വേണ്ടെന്നും ഇനി ഇങ്ങനെയുള്ള ശബ്ദം ആവർത്തില്ലെന്നും അവർ ഉറപ്പു നൽകിയിരുന്നു.
പ്രദേശത്ത് സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞെങ്കിലും വാഗ്‌ദാനം പാലിച്ചിട്ടില്ല. ഇതിനിടെ, ഇന്ന് വീണ്ടും ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തിയിലാക്കി. വിഷയത്തിൽ നാട്ടുകാരുടെ ആശങ്ക അകറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















