താമരശ്ശേരിയിൽ വീട്ടിലേയ്ക്ക് എന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്, പീഡനത്തിനിരയായ നിലയിൽ: എംഡിഎംഎ നൽകി വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച പ്രതി എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി...

കോഴിക്കോട് താമരശ്ശേരിയിൽ കോളേജ് വിദ്യാത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ ചുരത്തിൽ നിന്ന് കണ്ടെത്തിയത്. വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി.
കുട്ടിയെ കാണാത്തതിനാൽ കോളേജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. കേസിൽ പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് ഉപേക്ഷിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താതിരുന്നതോടെ, കോളജ് അധികൃതർ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി വീട്ടിൽ ഇല്ലെന്ന വിവരം അറിയുന്നത്. വിദ്യാർത്ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയതായും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടതോടെ ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം.
https://www.facebook.com/Malayalivartha





















