ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ദൗത്യം ആരംഭിച്ചതുമുതല്‍ അവനെ കാടുയറ്റുന്നതുവരെ ചാനലുകള്‍ ലൈവും, പത്രങ്ങള്‍ ഫോ്‌ട്ടോഷൂട്ടുകളും നടത്തി ആഘോഷമാക്കി കൊണ്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം കേരളം കണ്ടു പഠിക്കേണ്ടതാണ്

കേരളം എന്തു കൊണ്ട് ഇങ്ങനെയായി പോകുന്നുവെന്ന് വല്ലപ്പോഴും നമ്മുടെ അയല്‍നാടകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് അറിയാതെ ചോദിച്ചു പോകുന്നത്. കാടിന്റെ സൈ്വരതയില്‍ വിഹരിച്ചു നടന്ന ഒരു കാട്ടാനയ്ക്ക് മനുഷ്യന്റെ കുബുദ്ധിയില്‍ വിരിഞ്ഞ പേരുമിട്ട് പീഡിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇവിടെ അരിക്കെമ്പന്‍ മാത്രമല്ല ചക്കക്കൊമ്പന്‍, കൊലകൊല്ലി, പടയപ്പ ഇങ്ങനെ മനുഷ്യര്‍ നേടിക്കെടുത്ത പട്ടങ്ങളുമായി ചരിഞ്ഞതും ജീവിക്കുന്നതുമായ ആന കഥകള്‍ കേരളം ആസ്വദിക്കുകയാണോ എന്ന കാര്യത്തിലും സംശയമുണ്ട് .
അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് വീണ്ടും വെടിവെച്ച് അടുത്ത കാട്ടിലേയക്ക് കൊണ്ടു പോയി. ഇടുക്കി ചിന്നക്കനാലിലെ കൂട്ടുകാരോടൊ്പ്പം താമസിച്ചിരുന്ന അരിക്കൊമ്പന്‍ കാടുമാറിയതിന്റെ അന്നു മുതല്‍ ചിന്നക്കനാലിലേയ്ക്ക് തിരിച്ചെത്താനുള്ള വഴിതേടുകയായിരുന്നു. വഴിമാറി ചെന്നുപെട്ടത് കമ്പം നഗരത്തില്‍. വഴിതെറ്റി വന്ന മിണ്ടാപ്രാണിയെ കണക്കിലധികം വിരട്ടിയെങ്കിലും അവന്‍ കാട്ടിലേയ്ക്ക് തന്നെ മടങ്ങി. എന്നാല്‍ ഇനിയും ജനവാസ മേഖലയില്‍ എത്തുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് അവനെ വീണ്ടും മയക്കുവെടിവെച്ചു പിടികൂടി. അരിക്കൊമ്പന്‍ 2.0 എന്ന ലേബലില്‍ മാധ്യമങ്ങള്‍ ആഘോഷവും തുടങ്ങി.
ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ദൗത്യം ആരംഭിച്ചതുമുതല്‍ അവനെ കാടുയറ്റുന്നതുവരെ ചാനലുകള്‍ ലൈവും, പത്രങ്ങള്‍ ഫോ്‌ട്ടോഷൂട്ടുകളും നടത്തി ആഘോഷമാക്കി കൊണ്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം കേരളം കണ്ടു പഠിക്കേണ്ടതാണ്. രണ്ട് ദിവസം മുന്‍പുതന്നെ തയ്യാറെടുപ്പു തുടങ്ങി. ആന നില്ക്കുന്ന ഭാഗ്‌ത്തേയ്ക്ക് മാധ്യമങ്ങളെ വിലക്കുകയാണ് ആദ്യം ചെയ്തത്. വെടിവെയ്പിനായി രാത്രിസമയം തെരഞ്ഞെടുക്കുകയും ചെയ്തു. തേനി ജില്ലയിലേയ്ക്ക് കടന്നാല്‍ വീണ്ടും ജനവാസ മേഖലയില്‍ എത്തുമെന്ന് അവര്‍ കണക്കു കൂട്ടിയതിന്റെ ഭാഗമായിട്ടാണ് മയക്കി പിടിക്കാന്‍ തയ്യാറായത്. ഇതു മൂന്നാതവണയാണ് അരിക്കൊമ്പന് മയക്കുവെടിയേല്‍ക്കുന്നത്. മയക്കു മരുന്നുകള്‍ കുത്തികയറ്റി അവനെ കൊല്ലാനാണോ സര്‍ക്കാരും കോടതിയും കപട മൃഗസ്‌നേഹികളും നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് പിന്നിലെന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്.
കോടതി നടപടികളെ വിമര്‍ശിച്ച് കേരള വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദനും രംഗത്തെത്തിയിരിക്കുകയാണ്. കോടതി എടുത്ത തീരുമാനം പരിശോധിക്കേണ്ടതാണെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ആനയെ പിടികൂടി സംരക്ഷിച്ച് കുങ്കിയാക്കി മാറ്റാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ആ നടപടിയായിരുന്നു ശരിയെന്ന് തെളിഞ്ഞിരിക്കുന്നതായാണ് മന്ത്രി പറയുന്നത്. മൃഗസ്‌നേഹികളെന്നു പറയുന്നവരുടെ അമിതാവേശത്തിലുള്ള ഇടപെടലുകളാണ് അരിക്കൊമ്പന്‍ അനുഭവിക്കുന്ന ദുരന്തത്തിന് പിന്നിലെന്നാണ് മന്ത്രി പറയുന്നത്. എന്തായാലും അരിക്കെമ്പന്റെ ആരോഗ്യ സ്ഥിതിയില്‍ കേരളത്തിനും ആശങ്കകളുണ്ട്. ആനയെ ഇനിയെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ തലയെടുപ്പുള്ള ആ കൊമ്പന്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് ചോദ്യവുമുയരുന്നുണ്ട്.
രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് അരിക്കെമ്പനെ വെടിവച്ചത്. രാത്രി ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെക്കേണ്ടി വന്നത്. രണ്ടു ഡോസ് മയക്കുവെടി നല്‍കിയതായാണ് വിവരം. അരിക്കൊമ്പന്റെ കാല് വടം കൊണ്ട് ബന്ധിച്ച് ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി വെള്ളിമലയിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്. ആരോഗ്യ പരിശോധനയ്ക്കു ശേഷം വനത്തിനുള്ളിലേക്കു കടത്തിവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. മെയ് 27 ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പന്‍ പരിഭ്രാന്ത്രി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. തയ്യാറെടുപ്പുകള്‍ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പന്‍ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
നേരത്തെ, ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരിക്കൊമ്പനെ ഏപ്രില്‍ 29 നാണ് മയക്കുവെടി നല്‍കി നിയന്ത്രണത്തിലാക്കിയശേഷം ലോറിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടത്.. ഉള്‍വനത്തിലേക്കു മറഞ്ഞ അരിക്കൊമ്പന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്നാട് വനമേഖലയോടു ചേര്‍ന്ന്, ജനവാസമുള്ള മേഘമലയിലെത്തി. പിന്നാലെയാണ് മെയ് ഒടുവില്‍ കമ്പത്ത് ജനവാസമേഖലയിലിറങ്ങിയത്.നേരത്തെ കങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കിയ അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ കമ്പം ചുരുളിപ്പെട്ടിക്കടുത്ത് ഷണ്‍മുഖനദി അണക്കെട്ട് പരിസരത്തായിരുന്നു തുടര്‍ന്നിരുന്നത്.
കേരളം സാറ്റലൈറ് കോളര്‍ സിഗ്നല്‍ അനുസരിച്ച് നിരീക്ഷിച്ചു വരികയാണ്. ജനവാസ മേഖലയില്‍ ആന ഇറങ്ങിയാല്‍ വെടിവെയ്ക്കാന്‍ കണക്കാക്കി എന്‍പത്തഞ്ച് അംഗ സംഘം കാത്തു നില്ക്കുകയായിരുന്നു. ഇന്നലെ ജനവാസ മേഖലയില്‍ ഇറങ്ങിയയുടന്‍ വെടിവെയ്ക്കുകയായിരുന്നു. തമിഴ്‌നാടിന്റെ ഈ ശുഷ്‌കാന്തിയും വകുപ്പുകളും ഏകോപനവും കേരളത്തിന് മാതൃകയാകേണ്ടതാണ്. ആന കമ്പത്തിറങ്ങിയപ്പോള്‍ മയക്കുവെടിവെയ്ക്കാനുള്ള ഉത്തരവ് ഒന്നര മണിക്കൂറിനകം പുറത്തിറക്കിയും തമിഴ്‌നാട് കേരളത്തിന് മാതൃക കാട്ടിയിരുന്നു. ആ ഉത്തരവ് പിന്‍തുടര്‍ന്ന ഉദ്യോഗസ്ഥര്‍ അവരെ ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പക്ഷേ ഇപ്പോഴും അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതിയും ഇനിയവന്‍ പുതിയൊരു കാട്ടില്‍ പൊരുത്തപ്പെടുന്നതിനെ കുറിച്ചുമുള്ള വേവലാതികളും ഓരോ മലയാളിയും പങ്കുവെയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha