ഫർഹാനയുടെ ഗുരു ഇവിടെ ഉണ്ട്..! ബസ് മോഷണം,ഹണി ട്രാപ് വഴി അരികിൽ പീഡനം..?!വർഷങ്ങളായി പോലീസിന്റെ തലവേദനായ പൂമ്പാറ്റയെ കാപ്പാ നിയമപ്രകാരം ജയിലിലടയ്ക്കുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..?!

ആരെയും വശീകരിക്കുന്ന സംസാരശൈലി, താമസിക്കുന്നിടത്തെല്ലാം ഗുണ്ടാസംഘങ്ങളുമായി ബന്ധം, വിവിധ വകുപ്പുകളിലായി നൂറോളം കേസുകള്‍, ഒടുവില്‍ കുപ്രസിദ്ധ ക്രിമിനല്‍ പൂമ്പാറ്റ സിനി കാപ്പാ നിയമപ്രകാരം അകത്തായി. കഴിഞ്ഞദിവസം തൃശ്ശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയില്‍നിന്ന് ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സിനിയെ കാപ്പാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയ്ക്ക് മുന്‍പാകെ ഹാജരാക്കുകയും തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കളക്ടര്‍ ആറുമാസത്തേക്ക് സിനിയെ കാപ്പാ നിയമപ്രകാരം ജയിലിലടയ്ക്കുകയുമായിരുന്നു.
ഹൈവേ കവര്‍ച്ച മുതല്‍ മുക്കുപുണ്ട തട്ടിപ്പുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കേസുകളില്‍ പ്രതിയായിട്ടും പൂമ്പാറ്റ സിനി ഇതുവരെ ഒരുകേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. പലകേസുകളിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെങ്കിലും വൈകാതെ ജാമ്യത്തിലിറങ്ങി തട്ടിപ്പും കവര്‍ച്ചയും ക്വട്ടേഷന്‍ ആക്രമണവും തുടരുന്നതായിരുന്നു പൂമ്പാറ്റയുടെ രീതി.
ലക്ഷങ്ങളുടെ തട്ടിപ്പ്, ബസ് വരെ അടിച്ചുമാറ്റി....
2017-ല്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പാണ് സിനിയും കൂട്ടരും നടത്തിയത്. സ്വര്‍ണവ്യാപാരിയാണെന്ന് പറഞ്ഞ് പലരുമായി ബന്ധം സ്ഥാപിക്കുകയും സ്വര്‍ണബിസിനസില്‍ നിക്ഷേപം നടത്താനായി ഇവരില്‍നിന്ന് വന്‍തുകകള്‍ കൈക്കലാക്കിയുമായിരുന്നു 2017-ലെ സിനിയുടെ തട്ടിപ്പ്.
സാമ്പത്തികമായി ഉന്നതനിലയിലുള്ള ഒരാളെ പരിചയപ്പെട്ടാല്‍ ഇയാള്‍വഴി കൂടുതല്‍പേരെ വലയിലാക്കി മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. സ്വര്‍ണത്തിന്റെ മൊത്തവ്യാപാരിയാണെന്ന് പരിചയപ്പെടുത്തിയ യുവതി, നികുതിവെട്ടിച്ച് കുറച്ച് സ്വര്‍ണം വരാനുണ്ടെന്നും ഇത് കൈപ്പറ്റാന്‍ കുറച്ച് പണം വേണമെന്നും ആവശ്യപ്പെടും. ലഭിക്കുന്ന സ്വര്‍ണം വിറ്റാല്‍ മുടക്കുന്ന പണത്തിന്റെ ഇരട്ടിയോളം ലാഭമുണ്ടാകുമെന്നും വിശ്വസിപ്പിക്കും. ഇത്തരത്തില്‍ തൃശ്ശൂര്‍ സ്വദേശിയായ ഒരാളില്‍നിന്ന് മാത്രം 72 ലക്ഷത്തോളം രൂപയാണ് സിനി തട്ടിയെടുത്തത്. ഇതിനിടെ ഇദ്ദേഹത്തെ വിശ്വസിപ്പിക്കാനായി ചില സ്വര്‍ണബിസ്‌ക്കറ്റുകളും സിനി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം സ്വര്‍ണം പൂശിയതും വ്യാജമാണെന്നും പിന്നീട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തിറഞ്ഞത്.
ആഭരണ വില്‍പ്പനയില്‍ പങ്കാളിയാക്കമെന്ന് പറഞ്ഞ് ഇതേകാലയളവില്‍ തൃശ്ശൂര്‍ സ്വദേശിയായ മൊബൈല്‍ഷോപ്പുടമയില്‍നിന്ന് 17 ലക്ഷം രൂപയും 22 പവന്‍ സ്വര്‍ണവുമാണ് സിനി തട്ടിയെടുത്തത്. വ്യാജരേഖകളെല്ലാം കാണിച്ച് ഇദ്ദേഹത്തെ വിശ്വസിപ്പിച്ച സിനി ജൂവലറിയുടെ ബിസിനസ് പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ഇതിനിടെ പരാതിക്കാരന്റെ വീട്ടുകാരുമായും സിനി അടുപ്പം സ്ഥാപിച്ചു. കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയിലെടുത്തതോടെ സ്വര്‍ണവും സിനിയുടെ കൈകളിലെത്തി. ഒടുവില്‍ ഈ സ്വര്‍ണവും പണവുമെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെന്നായിരുന്നു സിനിയുടെ കള്ളക്കഥ. തുടര്‍ന്ന് അതിവിദഗ്ധമായി മുങ്ങാനായിരുന്നു സിനിയുടെ പദ്ധതി. ഈ കഥ വിശ്വസിക്കാതെ പരാതിക്കാര്‍ പണംചോദിച്ചതോടെ ഗുണ്ടകളെ പറഞ്ഞുവിട്ട് ഇവരെ ഭീഷണിപ്പെടുത്തുകയാണ് സിനി ചെയ്തത്.
തൃശ്ശൂര്‍ പാലപ്പിള്ളി സ്വദേശിക്ക് ഒരു സ്വകാര്യ ബസും 34 ലക്ഷവും രൂപയുമാണ് സിനിയുടെ തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. സ്വര്‍ണബിസിനസില്‍ നിക്ഷേപം നടത്താനെന്ന് പറഞ്ഞായിരുന്നു ഇവിടെയും തട്ടിപ്പ്. നേരത്തെ തട്ടിപ്പിനിരയായ മറ്റൊരാള്‍ വഴിയാണ് പാലപ്പിള്ളി സ്വദേശിയും സിനിയുടെ കെണിയില്‍വീണത്. ആദ്യം 15 ലക്ഷത്തോളം രൂപ കൈക്കലാക്കി. എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിന്റെ കഥ പറഞ്ഞ് വീണ്ടും ലക്ഷങ്ങള്‍ തട്ടി. ഇതിനിടെ 40 കിലോ സ്വര്‍ണം വരാനുണ്ടെന്നും ഇതിനായി കൂടുതല്‍ പണം വേണമെന്നും പറഞ്ഞപ്പോള്‍ പാലപ്പിള്ളി സ്വദേശി തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വകാര്യബസ് വരെ വില്‍ക്കാന്‍ തയ്യാറായി. ബസ് വില്‍ക്കാനുള്ള ഉടമ്പടി കരാറില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് പാലപ്പിള്ളി സ്വദേശിക്ക് തട്ടിപ്പ് ബോധ്യമായത്. എന്നാല്‍ ഇതിനകം ലക്ഷങ്ങള്‍ വിലവരുന്ന ബസും പണവും സിനിയുടെ കൈകളിലെത്തിയിരുന്നു.
പാലപ്പിള്ളി സ്വദേശിയുടെ ബസില്‍ ഡ്രൈവറായിരുന്ന ഗോപകുമാറാണ് ഈ കാലയളവില്‍ സിനിയുടെ തട്ടിപ്പിന് കൂട്ടാളിയായത്. അന്ന് സിനിയുടെ ഭര്‍ത്താവായിരുന്നു ഗോപകുമാര്‍. ഒടുവില്‍ ഇയാളും സിനിയും ചേര്‍ന്ന് പാലപ്പിള്ളി സ്വദേശിയില്‍ ബസ് ഉള്‍പ്പെടെ ചതിയിലൂടെ സ്വന്തമാക്കുകയായിരുന്നു.
സിനിയുടെ തട്ടിപ്പില്‍ ഇരയായതോടെ തനിക്ക് ലക്ഷങ്ങളുടെ ബാധ്യതയാണുണ്ടായതെന്നാണ് പാലപ്പിള്ളി സ്വദേശി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്. തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള ബിസിനസുകളിലും നഷ്ടം നേരിട്ടു. പാലപ്പിള്ളി-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസാണ് സിനിയും കൂട്ടാളികളും തട്ടിയെടുത്തതെന്നും നഷ്ടപ്പെട്ട പണമൊന്നും ഇതുവരെ തിരികെകിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
''സ്ത്രീകളടക്കം 17 പേരാണ് അന്ന് പരാതി നല്‍കിയിരുന്നത്. പലര്‍ക്കും സ്വര്‍ണവും ലക്ഷക്കണക്കിന് രൂപയും നഷ്ടമായി. 40 ലക്ഷം രൂപയോളം വിലവരുന്ന ബസും 34 ലക്ഷം രൂപയോളം പണവുമായി അവര്‍ കൈക്കലാക്കി. സ്വര്‍ണത്തിന്റെ മൊത്തവ്യാപാരമെന്ന് പറഞ്ഞാണ് പണം നിക്ഷേപമായി വാങ്ങിയത്. പിന്നീട് ഗുണ്ടകളെ ഉപയോഗിച്ച് വലിയ ഭീഷണിയായിരുന്നു. ഒരിക്കല്‍ ഗുണ്ടാസംഘം മൂന്നാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവവമുണ്ടായി. അവിടെനിന്ന് രക്ഷപ്പെട്ടുവരികയായിരുന്നു'', പാലപ്പിള്ളി സ്വദേശി പറഞ്ഞു.
ആര്‍ഭാടജീവിതം, ഒപ്പംതാമസിപ്പിക്കുന്നതും ക്രിമിനലുകളെ...
താമസിക്കുന്നിടത്തെല്ലാം മദ്യവും ലഹരിമരുന്നും നല്‍കി ഗുണ്ടാസംഘങ്ങളെ വളര്‍ത്തിയെടുക്കുന്നതാണ് പൂമ്പാറ്റ സിനിയുടെ പതിവ്. പിന്നീട് ഇതേ ഗുണ്ടാസംഘങ്ങളെ കവര്‍ച്ചയ്ക്കും തട്ടിപ്പിനും ആക്രമണത്തിനും ഉപയോഗിക്കും. 2019-ല്‍ കൊടകരയില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് അഞ്ചുലക്ഷം രൂപ കവര്‍ന്ന കേസില്‍ പൂമ്പാറ്റ സിനിയും ആറുകൂട്ടാളികളുമാണ് പിടിയിലായത്. ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സിനിയും സംഘവും ബൈക്ക് യാത്രികനെ ഇടിച്ചിട്ട് പണവുമായി കടന്നുകളയുകയായിരുന്നു. ഈവര്‍ഷം മാര്‍ച്ചില്‍ വാടകയ്‌ക്കെടുത്ത കാര്‍ മറിച്ചുവിറ്റ കേസിലാണ് സിനി ഒടുവില്‍ പിടിയിലായത്. ഷാജി എന്നൊരാളും ഇതേകേസില്‍ സിനിയ്‌ക്കൊപ്പം പിടിയിലായിരുന്നു.
തട്ടിയെടുത്ത പണംകൊണ്ട് ആര്‍ഭാടജീവിതം നയിക്കുന്നതായിരുന്നു പൂമ്പാറ്റ സിനിയുടെ രീതി. മറ്റുതട്ടിപ്പുകള്‍ക്കായി ഈ ആര്‍ഭാടജീവിതം മറയാക്കുകയുംചെയ്തു. 2017-ല്‍ വന്‍ ആര്‍ഭാടത്തോടെയാണ് സിനി മകളുടെ വിവാഹംനടത്തിയത്. വിവാഹചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളും വിതരണംചെയ്തിരുന്നു.
ഹണിട്രാപ്പ്, പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞും തട്ടിപ്പ്...
2008-ല്‍ ആലപ്പുഴ അരൂരില്‍ ഒരു വ്യാപാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൂമ്പാറ്റ സിനിയെന്ന കൊടുംക്രിമിനലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. വ്യാപാരി ജീവനൊടുക്കാന്‍ കാരണം സിനിയും കൂട്ടരും നടത്തിയ ഹണിട്രാപ്പാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാപാരിയുമായി സൗഹൃദത്തിലായ സിനി ഇദ്ദേഹത്തിനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി 18 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
2014-ല്‍ എറണാകുളം കണ്ണമാലിയില്‍ സ്വര്‍ണത്തില്‍ നിര്‍മിച്ച നടരാജവിഗ്രഹം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് 30 ലക്ഷം രൂപയോളമാണ് സിനി തട്ടിയെടുത്തത്. അതേവര്‍ഷം തന്നെ എറണാകുളത്തെ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണെന്ന് പറഞ്ഞ് തൊട്ടടുത്ത ജൂവലറിയില്‍നിന്ന് 45.75 ഗ്രാം സ്വര്‍ണമാണ് സിനി കൈക്കലാക്കിയത്. സ്വര്‍ണം വാങ്ങിയശേഷം ബാങ്കില്‍നിന്ന് പണം എടുത്തുവരാമെന്ന് പറഞ്ഞ് മുങ്ങിയ സിനിയെ പിന്നീട് ആ വഴി ആരും കണ്ടതേയില്ല. ഇതേകാലയളവില്‍ ഫോര്‍ട്ട് കൊച്ചി എ.സി.പി.യുടെ ഭാര്യയാണെന്ന് പറഞ്ഞ് വ്യാപാരിയില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തതിന് സിനിക്കെതിരേ കേസുണ്ട്.
തൃശ്ശൂര്‍ ജില്ലയില്‍ മാത്രം എട്ട് പോലീസ് സ്‌റ്റേഷനുകളിലായി 32-ഓളം കേസുകളാണ് പൂമ്പാറ്റ സിനിക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ട്രെയിന്‍ യാത്രയ്്ക്കിടെ പരിചയപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥയില്‍നിന്ന് 11 പവന്‍ സ്വര്‍ണം തട്ടിയെടുത്തതിനും പിന്നീട് ഇവരെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയതിനുമാണ് ജില്ലയില്‍ ആദ്യം കേസെടുത്തത്. ഇതിനുപിന്നാലെ സിനിക്കെതിരായ കേസുകളുടെ എണ്ണം കൂടുകയായിരുന്നു.
പൈനാപ്പിള്‍ കൃഷിയില്‍ പങ്കാളിയാക്കം, കിണറ്റില്‍നിന്ന് കിട്ടിയ സ്വര്‍ണവിഗ്രഹം വില്‍പ്പന നടത്താം, സ്വര്‍ണബിസിനസില്‍ പങ്കാളിയാക്കാം, സിംഗപ്പൂര്‍ നിര്‍മിത ആഭരണങ്ങളുടെ വില്‍പ്പനശാലയില്‍ പങ്കാളിയാക്കാം തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ ലക്ഷങ്ങള്‍ സിനി തൃശ്ശൂര്‍ ജില്ലയില്‍നിന്ന് മാത്രം അടിച്ചുമാറ്റി. ഇതിനെല്ലാംപുറമേ തൃശ്ശൂര്‍ മഡോണനഗറില്‍ ഒരു സ്ത്രീയെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിനും പൂമ്പാറ്റ സിനിക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
മുക്കുപണ്ടം പണയംവെച്ചുള്ള തട്ടിപ്പിലൂടെ മാത്രം പൂമ്പാറ്റ സിനി 31 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പോലീസ് നല്‍കുന്നവിവരം. തൃശ്ശൂര്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമാണ് മുക്കുപണ്ട തട്ടിപ്പ് നടത്തിയത്.
പൂമ്പാറ്റ സിനി തട്ടിയെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും മൂല്യം കണക്കാക്കിയാല്‍ കോടികള്‍ വരുമെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ പ്രാഫഷണല്‍രീതിയില്‍ തട്ടിപ്പും കവര്‍ച്ചയും നടത്തുന്ന കുറ്റവാളികള്‍ കേരളത്തില്‍ വിരളമാണെന്നും മാനഹാനി ഭയന്ന് പലരും പരാതി പറയാതിരിക്കുന്നതിനാലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















