അവശ്യ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയല്‍; ഫുഡ് സേഫ്റ്റി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് പരിശോധന നടത്തി

അവശ്യ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന്റെ ഭാഗമായി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് ആലുവ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ മത്സ്യം, മാംസം, പഴം-പച്ചക്കറി സ്റ്റാളുകള്‍, ഹോട്ടലുകള്‍, പലചരക്ക് ഹോള്‍സെയില്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തി.
പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും വിവിധ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കാത്ത കടകള്‍, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുത്തു. 41 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ വിവിധ കുറ്റങ്ങള്‍ക്ക് 22 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു.
ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനും അളവ്, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമായിരുന്നു പരിശോധന. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.എ റിയാസ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ബാബു കെ ജോര്‍ജ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ അനീഷ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha



























