ഇനി യുദ്ധം ജനശക്തി ഓൺലൈനിൽ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍; ഇനി യുദ്ധം ഓൺലൈനിലൂടെ; തുറന്നടിച്ച് ജി ശക്തിധരൻ

ടൈംസ്‌ക്വയര്‍ വരെ പ്രശസ്തനായ നേതാവ് 2.35 കോടി കൈപ്പറ്റി കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയതായുള്ള ജി ശക്തിധരന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു ഉണ്ടായ പ്രശ്നങ്ങൾ ചില്ലറയല്ല. ഇപ്പോൾ ഇതാ പുതിയ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ജി ശക്തിധരൻ .അദ്ദേഹം ഇന്ന് പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിൽ താൻ നേരിടുന്ന സൈബർ അക്രമണത്തെ കുറിച്ച് അദ്ദേഹം വ്യക്തമാകുന്നുണ്ട്. മാത്രമല്ല, ഇനി താൻ ഒരു ഓൺലൈൻ തുടങ്ങാൻ പോകുകയാണെന്നും അതിലൂടെയാണ് താൻ ഇനി പോരാട്ടം നടത്താൻ പോകുന്നതതെന്നും അദ്ദേഹം വ്യക്തമാക്കി .
ജി. ശക്തിധരൻ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;ഇനി യുദ്ധം ജനശക്തി ഓൺലൈനിൽ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടാകുമല്ലോ.
കമ്മ്യുണിസ്റ്റ് പാര്ട്ടി യുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാം.
മുമ്പ് തലസ്ഥാനത്തെ മിടുമിടുക്കിയായ ഒരു സീനിയര്‍ വനിതാ മലയാളി ജേർണലിസ്റ്റിനെ സൈബര്‍ കാളികൂളി സംഘം പിച്ചിച്ചീന്തുന്നത് കണ്ടപ്പോള്‍, ഈ ക്ഷുദ്രപ്രവര്ത്തനം എല്ലാ സീമകളും ലംഘിക്കുകയാണെന്നു മാനവികതയുടെ പേരില്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചു ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്റെ അഭിപ്രായം തെല്ലും കാലുഷ്യമില്ലാതെ സ്‌നേഹത്തോടെ മാനിക്കുകയും തത്സമയം ഡിജിപിയെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. കാര്യപ്രാപ്തിയുള്ള ഒരു ഭരണാധികാരി എന്ന നിലയില്‍ പാര്ട്ടിയില്‍ നിന്ന് അദ്ദേഹം ആര്ജ്ജിച്ച സിദ്ധിയാണത്. ഓരോ കമ്മ്യുണിസ്റ്റ്കാരനും അങ്ങിനെയാണ്.
ജനങ്ങളുടെ ഏതെങ്കിലും ഒരു വിഷയം ഉള്ളില്തട്ടുന്ന വിധം ഞാനായാലും മറ്റൊരാളായാലും പ്രതിപക്ഷമായാലും അവതരിപ്പിച്ചാല്‍ അതിനു നേരെ പുറംതിരിഞ്ഞു നില്ക്കുന്ന ഒരു മനുഷ്യനേയല്ല മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ ഇങ്ങിനെ ഒരു മുഖം കൂടി ജനങ്ങള്‍ അറിയണം. ഭരണാധികാരി അതിനൊരു സ്റ്റേറ്റ്‌സ്മാന്‍ ആയിരിക്കണം.
ഇന്നത്തെ മുഖ്യമന്ത്രിയുടെ അനാരോഗ്യം മുതലെടുത്തു മൂന്നുനാല് പേര് അടങ്ങിയ ഒരു 'അടുക്കള സംഘം' ഭരണഘടനാ ബാഹ്യശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശീര്ഷാസനത്തിലായി. മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങള്‍ വിളിച്ചുപറഞ്ഞതോടെ സ്വയംവിമര്ശനം നടത്തി തെറ്റ് തിരുത്തുകയല്ല, കൂടുതല്‍ ആക്രമണോല്സുകമായി മാറുകയാണ് സൈബര്‍ കാളികൂളി സംഘം. എനിക്കെതിരെ നേരത്തെ ദിവസം പ്രതി ഇട്ടിരുന്ന അശ്ലീല പോസ്റ്റ് ഇപ്പോള്‍ ഓരോ മണിക്കുറിലുമാക്കി ഉയര്ത്തി.
കടുപ്പമുള്ള പുതിയ തെറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് അനുചരന്മാര്‍.
ഞാന്‍ മലയിന്കീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമര്പ്പിച്ചിട്ടും മൊഴികൊടുത്തിട്ടും സൈബർ വിഭാഗത്തിൽ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ല. നീതി നിർവഹിക്കപ്പെടില്ല എന്ന് അറിയുമ്പോൾ, , അതും ഒരു ഒളി യുദ്ധത്തിൽ, ഒരു കുടുംബം എത്ര നിസ്സഹായാവസ്ഥയിൽ ചെന്നുപെടുന്നു എന്നത് ഒരാൾക്ക് അനുഭവിക്കുമ്പോഴേ മനസ്സിലാകൂ .
പാര്ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ എന്റെ കുടുംബത്തെ അപമാനിക്കുമ്പോള്‍ എന്റെ കൂടെപ്പിറപ്പു പോലെ ഉള്ള ഒരാള്ക്ക് ഒരു ദുഖവുമില്ല? പാര്ട്ടി യിലെ അടിമത്വം അങ്ങിനെയാണ്. ആ നേതാവിനും ഒരു മകള്‍ ഉണ്ട്. എത്ര ദുഃഖഭാരത്തോടെയാണ് ഞാന്‍ എന്റെ മക്കളുടെയും ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുമുണ്ടായില്ല. ഭയമാണ് അദ്ദേഹത്തിനും എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
ഞങ്ങള്‍ വിക്കിലീക്‌സോ വിസില്‍ ബ്ലോവറോ അല്ല.സാധാരണ മനുഷ്യര്‍ . ഈ അമ്പെയ്ത്തില്‍ ഏതെങ്കിലും നരാധമന്‍ കടപുഴകി വീണാല്‍ അതൊരു ചരിത്ര നിയോഗം ആയിരിക്കും. എല്ലാ മാളങ്ങളും ഞങ്ങള്‍ പരിശോധിക്കും. ഞങ്ങള്‍ വക്കില്‍ തൊട്ടപ്പോള്‍ തന്നെ, ,കായംകുളം കൊച്ചുണ്ണിയെപ്പോലെ ഒരാൾ എത്ര കോടികള്‍ അപഹരിച്ചെടുത്തു എന്ന് കണ്ടതാണ്. അപഹരിച്ച പണമല്ല പൊതിഞ്ഞ പായയും കൊണ്ടുപോയ കാറിനേയും ചൊല്ലിയാണ് വിവാദം . അമുക്കിയ കോടികളെക്കുറിച്ചും തർക്കമില്ല.
തിന്മയുടെ മഹാമേരുവിനെതിരെ ജനങ്ങൾക്കുവേണ്ടിയുള്ള യുദ്ധം തുടരാൻ ധീരവും സുദൃഢവുമായ ചുവടുവെപ്പിലേക്ക് നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ യഥാർത്ഥ ജിഹ്വ. അതിന് ഭാരിച്ച ചെലവുണ്ട്. നന്മയുള്ള മടിയില്‍ പത്തുരൂപയെങ്കിലും മിച്ചം ഉള്ള ഓരോരുത്തരോടും കേഴുകയാണ് , ഞങ്ങള്ക്കൊപ്പം നിൽക്കണം. ജനശക്തിയുടെ പ്രസാധകനും എഡിറ്ററുമായ ഞാന്‍. മരണം വരെ നിസ്വനായിരിക്കും. എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ് ഫേസ്ബുക്ക് കുറിപ്പിൽ.
https://www.facebook.com/Malayalivartha



























