ന്യൂനമർദ്ദം ദുർബലമായി : കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. അതേസമയം മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും (ജൂൺ 30) ജൂലൈ രണ്ട്, മൂന്ന് നാല് തിയതികളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ജൂലൈ മൂന്ന്, നാല് തിയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ജൂലൈ നാല് വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് (ജൂൺ 30) തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ജൂലൈ രണ്ട് വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha



























