രാജുവിന്റെ സംസ്ക്കാരം കഴിഞ്ഞിട്ടും ചിലർ പിന്തുടരുന്നതായി ബന്ധു: അജ്ഞാതരെ കണ്ട നടുക്കത്തിൽ ബന്ധുവും, ശ്രീലക്ഷ്മിയുടെ കുടുംബവും: പോലീസ് അന്വേഷണം ആരംഭിച്ചു...

വര്‍ക്കല വടശ്ശേരിക്കോണത്ത് വിവാഹ ദിനത്തില്‍ വധുവിന്റെ അച്ഛനെ പ്രണയത്തകർച്ചയുടെ പേരിൽ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ സംസ്ക്കാരം കഴിഞ്ഞിട്ടും ചിലർ പിന്തുടരുന്നതായി ബന്ധു. വീടിനു സമീപം അജ്ഞാതരായ 2 പേരെ കണ്ടതായി അടുത്ത ബന്ധുവിന്റെ മൊഴി. ഇതു കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. അജ്ഞാതരെ കണ്ട സാഹചര്യത്തിൽ തനിക്കു പൊലീസ് സംരക്ഷണം വേണമെന്നും രാത്രി അജ്ഞാതർ നിരീക്ഷിക്കുന്നതായി സംശയമുണ്ടെന്നും ആക്രണത്തിന് ഇരയായ ഗുരുപ്രിയ പറഞ്ഞു.
വീടിനു സമീപത്തു ബുധനാഴ്ച രാത്രി 11.30ന് 2 അജ്ഞാതരെ കണ്ടിരുന്നതായി ഗുരുപ്രിയ പറഞ്ഞു. ആക്രമണത്തിൽ ഗുരുപ്രിയയ്ക്കും അച്ഛൻ ദേവദത്തനും പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ട രാജുവിന്റെ സഹോദരിയുടെ ഭർത്താവാണ് ദേവദത്തൻ. ഗുരുപ്രിയയുടെയും ദേവദത്തന്റെയും കൺമുന്നിൽ വച്ചാണ് അക്രമികൾ രാജുവിനെ കൊലപ്പെടുത്തിയത്.
രാജുവിന്റെ വീടിന് എതിർവശത്താണ് ദേവദത്തനും കുടുംബവും താമസിക്കുന്നത്. ‘‘ 20നും 25നും ഇടയിൽ പ്രായമുള്ളവരെയാണു ബുധനാഴ്ച രാത്രി കണ്ടത്. പരുങ്ങലോടെ പോകുന്നതു കണ്ടു വീട്ടിലുള്ളവർ ആരെന്നു ചോദിച്ചു. മരണം അറിഞ്ഞ് എത്തിയവരാണെന്നു പറയുകയും വഴി അറിയില്ലെന്നു പറഞ്ഞു പോവുകയുമായിയിരുന്നു’’– ഗുരുപ്രിയ പറഞ്ഞു.
ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ സംഭവമറിഞ്ഞ സമയം മുതൽ രാജുവിന്റെ സംസ്‌കാര ചടങ്ങിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് ആഗ്രഹിച്ചതുപോലെ വിവാഹം നടത്താനും കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരൻ പറഞ്ഞു. വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തിൽ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്.
അതിനിടെ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി, പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ പ്രതിയായിരുന്നുവെന്നു വർക്കല ഡിവൈഎസ്പി ഡി.ജെ.മാർട്ടിൻ. വടശ്ശേരിക്കോണം വലിയവിളാകം ജെ.ജെ.പാലസിൽ ജിജിൻ(അപ്പു–25) ആണ് പ്രതിയായിരുന്നത്. 2018ൽ കല്ലമ്പലം മാവിൻമൂടിനു സമീപത്തുള്ള പണമിടപാട് സ്ഥാപനത്തിലെ കലക്‌ഷൻ ഏജന്റിന്റെ പണം അടങ്ങിയ ബാഗ് ജിജിനും സംഘവും തട്ടിയെടുത്തെന്നാണു കേസ്. കേസിൽ ജിജിൻ ഉൾപ്പെടെ 2 പേരെ കല്ലമ്പലം പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടു കേസ് ഒത്തുതീർപ്പാക്കി.
കഴിഞ്ഞ ദിവസം വടശ്ശേരിക്കോണം വലിയവിളാകത്തു ജി.രാജു(63)വിനെ മൺവെട്ടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണു ജിജിൻ. ഈ കേസിൽ ജിജിനെ കൂടാതെ സഹോദരൻ ജിഷ്ണു (ചിക്കു–26), മനു ഭവനിൽ മനു(26), കെ.എസ്.സദനത്തിൽ ശ്യാംകുമാർ(26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
രണ്ടു ദിവസത്തിനു ശേഷം 4 പേരെയും കസ്റ്റഡിയിൽ വാങ്ങുമെന്നു ഡിവൈഎസ്പി അറിയിച്ചു. വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഗൃഹനാഥനെ കൊലപ്പെടുത്തിയ കുറ്റമാണു ജിജിന്റെ പേരിലുള്ളത്. അതിക്രമിച്ചു കയറുകയും കൊലപാതകത്തിനു കൂട്ടു നിൽക്കുകയും ബന്ധുക്കളെ മർദിക്കുകയും ചെയ്തതാണു മറ്റു മൂന്നു പേർക്കും എതിരെയുള്ള കുറ്റം.
രാജുവിന്റെ മൂത്ത മകളുടെ വിവാഹ തലേദിവസമായ ചൊവ്വ രാത്രി 12.30ന് ആയിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. വിവാഹ അഭ്യർഥന നടത്തിയെങ്കിലും ബന്ധുക്കൾ നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് അയൽക്കാരായ ജിഷ്ണുവും സംഘവും ശ്രീലക്ഷ്മിയുടെ വീട്ടിലെത്തുകയും രാജുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തത് എന്നാണു കേസ്.
അറസ്റ്റിലായ പ്രതികൾക്കെതിരെ ലഹരി മരുന്ന് ഇടപാടു സംബന്ധിച്ചു ശക്തമായ ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും വിശദ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തു രാത്രിയിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നുവെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























