ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം... സിഐയും എസ് ഐയും അടക്കം 4 പോലീസുദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കോടതി നേരിട്ട് കേസെടുത്തു, 4 പ്രതികളും ആഗസ്റ്റ് 3 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു

സിറ്റി ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനകേസില്‍ സിഐയും എസ് ഐയും അടക്കം 4 പോലീസുദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കോടതി നേരിട്ട് കേസെടുത്തു.
തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പരാതിക്കാരന്റെയും ദൃക്‌സാക്ഷികളുടെയും ഡോക്ടറുടെയും മൊഴിയെടുത്ത് നേരിട്ട് അന്വേഷണം നടത്തി കേസെടുത്തത്.
ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ രാകേഷ്, ഗ്രേഡ് എസ് ഐ എസ്.സന്തോഷ് കുമാര്‍ , എസ് ഐമാരായ ഡി.ഒ. ദിനേശ് , അരുണ്‍കുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കോടതി കേസെടുത്തത്. 4 പ്രതികളും സെപ്റ്റംബര്‍ 3 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് പി.അരുണ്‍കുമാര്‍ ഉത്തരവിട്ടു.
പൊതു പ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ ടി. എസ് ആശിഷിനെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റഡിയില്‍ വച്ച് ദേഹോപദ്രവം എല്പിച്ചുവെന്നുമാണ് കേസ്.
പൊതു പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആശിഷ് വിവിധ അധികാര സ്ഥാപനങ്ങളില്‍ പരാതികള്‍ നല്‍കിയതിലെ വിരോധം നിമിത്തം അന്യായമായി ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം കുറ്റം ചുമത്തുകയായിരുന്നു.
എന്നാല്‍ കാപ്പാ നിയമ പ്രകാരം ഗുണ്ടയായി പ്രഖ്യാപിക്കപ്പെടെണ്ട ആളല്ല താന്‍ എന്നും തനിക്കെതിരെ ഫോര്‍ട്ട് സിഐ വ്യക്തി വൈരാഗ്യം കാണിക്കുകയാണ് എന്നും ചൂണ്ടിക്കാണിച്ച് ആശിഷ് അപ്പീല്‍ ഫയല്‍ ചെയ്തു. വിശദമായ വാദം കേള്‍ക്കലിനു ശേഷം പോലീസുകാര്‍ക്കെതിരെ ആശിഷ് മുന്നോട്ടുവച്ച ആരോപണങ്ങള്‍ ശരിയാണെന്ന് ജസ്റ്റിസ്: ജി ശിവരാജന്‍ അധ്യക്ഷനായ കാപ്പാ ഉപദേശക ബോര്‍ഡ് കണ്ടെത്തുകയും ചെയ്തു. കാപ്പാ നിയമപ്രകാരം പോലിസ് കള്ളപരാതി രജിസ്റ്റര്‍ ചെയ്തത് മൂലം തനിക്ക് സമൂഹത്തില്‍ മാനഹാനി ഉണ്ടായി എന്ന് ചൂണ്ടിക്കാണിച്ചു തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ആശിഷ് ഫോര്‍ട്ട് സര്‍ക്കിള്‍ ജെ. രാകേഷിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു.
എന്നാല്‍ പിന്നീട് ഇദ്ദേഹം സുലൈമാന്‍ എന്ന വ്യക്തിയില്‍ നിന്നും ആശിഷ്‌നെതിരെ കള്ളപ്പരാതി എഴുതി വാങ്ങി 2022 ആഗസ്റ്റ് 25 ന് ആഷിഷിനെ സ്റ്റേഷനില്‍ പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. സിഐക്കെതിരെ നല്‍കിയ ഹര്‍ജികള്‍ എല്ലാം പിന്‍വലിക്കണം എന്ന് പോലിസ് ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തുവെന്നാണ് ആശിഷിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ വിശദമാക്കി ആശിഷ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























