എക്സൈസിന് വിവരം കിട്ടിയത് ഇന്‍റര്‍നെറ്റ് കോളിൽ നിന്ന്..വിവരം ആദ്യം ലഭിച്ച ഉദ്യോഗസ്ഥന്‍ അന്വേഷണവുമായി വേണ്ടവിധം സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച്..!വ്യാജ ലഹരി മരുന്ന് വച്ചെന്ന് കരുതുന്ന ബന്ധു ഒളിവില്‍

ചാലക്കുടിയില്‍ എക്‌സൈസ് സംഘം ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയില്‍നിന്ന് പിടികൂടിയ സ്റ്റാമ്പുകള്‍ എല്‍.എസ്.ഡി.യല്ലെന്ന രാസപരിശോധനാഫലം പുറത്തുവന്നതോടെ സംഭവത്തില്‍ ദുരൂഹതയേറി. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേസന്വേഷിക്കുന്ന എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘത്തിന് മുകളില്‍നിന്നുള്ള നിര്‍ദേശം.
ഷീലയുടെ കൈവശം എല്‍.എസ്.ഡി. സ്റ്റാമ്പുണ്ടെന്ന വിവരം കൈമാറിയ വിദേശ വാട്‌സാപ്പ് നമ്പര്‍ ആരുടേതെന്നു തിരിച്ചറിയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പോലീസിന്റെ സഹായംതേടി. വിവരം ആദ്യം ലഭിച്ച ഉദ്യോഗസ്ഥന്‍ അന്വേഷണവുമായി വേണ്ടവിധം സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറായിരുന്ന കെ. സതീശന്റെ ഔദ്യോഗിക ഫോണിലാണ് വിവരം കിട്ടിയത്. ഇദ്ദേഹത്തെ കഴിഞ്ഞ മാസം മലപ്പുറം റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
താന്‍ നിരപരാധിയാണെന്ന ഷീലാ സണ്ണിയുടെ വാദത്തെ സാധൂകരിക്കുന്ന പരിശോധനാറിപ്പോര്‍ട്ടാണ് കാക്കനാട് റീജണല്‍ ലബോറട്ടറിയില്‍നിന്ന് ലഭ്യമായത്. രാസപരിശോധനാഫലം മേയ് ആദ്യവാരം ലഭിച്ചിട്ടും കേസിന്റെ മറ്റു സാധ്യതകള്‍ അന്വേഷണസംഘം തേടിയില്ലെന്നതാണ് സംശയകരം.
തന്റെ ഭര്‍ത്താവിനെയും മക്കളെയും മരുമക്കളെയുമെല്ലാം ചോദ്യംചെയ്തിട്ടുണ്ടെങ്കിലും താന്‍ സംശയമുന്നയിച്ച വ്യക്തിയെ ഇതുവരെ അന്വേഷണസംഘം വിളിപ്പിക്കുകപോലും ചെയ്തിട്ടില്ലെന്നാണ് ഷീല പറയുന്നത്. നിരപരാധിയാണെന്നു കാണിച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഷീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എക്‌സൈസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സ്റ്റാമ്പ് പിടികൂടി 34 ദിവസം കഴിഞ്ഞാണ് പരിശോധനയ്ക്ക് വിട്ടതെന്നും ഇതിനിടയില്‍ ലഹരിയടങ്ങിയ രാസമിശ്രിതം മാഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും വാദമുണ്ട്. എന്നാല്‍, കാക്കനാട്ടെ അതിനൂതന സാങ്കേതികസംവിധാനമുള്ള ലാബി സ്റ്റാമ്പിലെ രാസവസ്തുവിന്റെ അതിസൂക്ഷ്മ സാന്നിധ്യംപോലും തിരിച്ചറിയപ്പെടുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറഞ്ഞു.
ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്‌ചെയ്തേക്കും
തിരുവനന്തപുരം: കടലാസ് കഷണങ്ങള്‍ എല്‍.എസ്.ഡി. സ്റ്റാമ്പെന്നരീതിയില്‍ പിടിച്ചതിനെത്തുടര്‍ന്ന് നിരപരാധിയായ വ്യക്തി റിമാന്‍ഡിലായ സംഭവത്തില്‍, കേസ് ചാര്‍ജ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ്‌ചെയ്‌തേക്കും. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട എക്സൈസ് ഇന്‍സ്‌പെക്ടറെ സ്ഥലംമാറ്റിയിരുന്നു.
എന്നാല്‍ ഗൗരവമുള്ള കേസ് എന്നനിലയില്‍ അതിനെ സര്‍ക്കാര്‍ കണ്ടിരുന്നില്ല. പകരം ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ഷീലാ സണ്ണിയുടെ സ്ഥാപനം റെയ്ഡ് നടത്തിയപ്പോള്‍, കേസ് എടുത്തതിലുണ്ടായ നടപടി പിശകുകളുടെ പേരിലായിരുന്നു സ്ഥലംമാറ്റം.
72 ദിവസം നിരപരാധിയായ സ്ത്രീ റിമാന്‍ഡിലായത് പുറത്തുവന്നപ്പോഴാണ് സംഭവത്തിന്റെ ഗൗരവം സര്‍ക്കാര്‍ ഉല്‍ക്കൊള്ളുന്നത്. ഇതേത്തുടര്‍ന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ കര്‍ശനനടപടി ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha



























