റിമാന്റിൽ കഴിയുന്ന ശ്രീമഹേഷിനെതിരെ, ഭാര്യ വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നൽകിയ പരാതി അന്വേഷിക്കാതെ പൊലീസ്: മുഖ്യമന്ത്രിയെ നേരിൽ കാണാനൊരുങ്ങി കുടുംബം

ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, റിമാൻഡിലായ ശ്രീമഹേഷിനെതിരെ, ഭാര്യ വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ നൽകിയ പരാതി അന്വേഷിക്കാതെ പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ നേരിൽ കാണാനൊരുങ്ങുകയാണ് വിദ്യയുടെ മാതാപിതാക്കളായപത്തിയൂർ തൃക്കാർത്തികയിൽ ലക്ഷ്മണനും രാജശ്രീയും. മകൾ നക്ഷത്രയുടെ കൊലപാതകത്തിന് ശ്രീമഹേഷ് അറസ്റ്റിലായതിന് പിന്നാലെയാണ്, 2019 ജൂൺ 4ന് മകൾ വിദ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും കൊലപാതകമാണെന്ന് ആരോപിച്ച് ലക്ഷ്മണൻ ആലപ്പുഴ എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകിയത്.
നക്ഷത്രയുടെ കൊലപാതകത്തിന് അനുബന്ധമായി വിദ്യയുടെ മരണവും പുനരന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. എന്നാൽ, ആഴ്ചകൾക്ക് ശേഷവും അന്വേഷണത്തിന് പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിൽ കാണാൻ കുടുംബം അനുമതി തേടിയത്. നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിയവെ, ആത്മഹത്യാശ്രമത്തെ തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയ ശ്രീമഹേഷ് ഇപ്പോൾ പ്രത്യേക സെല്ലിലാണ്.
വിദ്യയുടെ മരണശേഷം മകൾ നക്ഷത്ര ശ്രീമഹേഷിന്റെ വീട്ടിലായിരുന്നു. നക്ഷത്രയെ ഇടയ്ക്കിടെ ഇവിടെയെത്തി സന്ദർശിച്ചിരുന്ന വിദ്യയുടെ മാതാപിതാക്കൾ പേരക്കുട്ടിയെ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന് കാട്ടി കരീലകുളങ്ങര പൊലീസിൽപരാതി നൽകി. എന്നാൽ പരാതി പിൻവലിച്ചില്ലെങ്കിൽ നക്ഷത്രയെ ജീവനോടെ കാണില്ലെന്ന് ശ്രീമഹേഷും മാതാവും ഭീഷണിപ്പെടുത്തിയതായി വിദ്യയുടെ മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നു. വിദ്യയുടെ മരണത്തിൽ മഹേഷിന്റെയും മാതാവിന്റെയും പങ്ക് അന്വേഷിക്കണമെന്നും നക്ഷത്രകൊലക്കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
2013 ഒക്ടോബർ 17നായിരുന്നു ശ്രീമഹേഷിന്റെയും വിദ്യയുടെയും വിവാഹം. തുടർന്ന് വിദേശത്ത് പോയ ശ്രീ മഹേഷ്, അച്ഛൻ ട്രെയിൻ തട്ടിമരിച്ചതിനെത്തുടർന്ന് 2019 ജനുവരിയിൽ തിരിച്ചെത്തി. സാമ്പത്തിക ബാദ്ധ്യതയിൽപ്പെട്ട ശ്രീമഹേഷ്, വിദ്യയുമായി പണത്തെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായി. വീട്ടുകാർ ഇടപെട്ട് പല തവണ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും പിന്നീട് വിദ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് വിദ്യയുടെ വീട്ടുകാരെത്തുമ്പോൾ അടുക്കളയിൽ നിലത്ത് കാൽമുട്ടുകളൂന്നി തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മകൾ. തൊട്ടടുത്ത് അടച്ചിട്ട മുറിയിലായിരുന്ന ശ്രീമഹേഷും മാതാവും അവരെ പൂട്ടിയിട്ടശേഷം വിദ്യ തൂങ്ങിമരിച്ചെന്നാണ് അവരെ അറിയിച്ചത്. സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും അന്വേഷിച്ചില്ല.
ശ്രീമഹേഷിനെയും വീട്ടുകാരെയും ഒരു മുറിയിലാക്കി വെളിയിൽ നിന്നു കതക് കുറ്റിയിട്ട ശേഷം വിദ്യ ആത്മഹത്യ ചെയ്തെന്നാണു നാട്ടുകാരോടു ശ്രീമഹേഷിന്റെ വീട്ടുകാർ പറഞ്ഞത്. ആത്മഹത്യയാണെന്നു ബോധ്യപ്പെട്ടതിനാലും മറ്റ് പരാതികൾ ഇല്ലാത്തതിനാലും അന്വേഷണത്തിൽ തുടർനടപടി ഉണ്ടായില്ല.മകൾ നക്ഷത്രയെ ശ്രീമഹേഷ് ക്രൂരമായി കൊലപ്പെടുത്തിയതോടെയാണു വിദ്യയുടെ മരണം പീഡനം മൂലമാണെന്ന പരാതി ശക്തമായത്. 101 പവനും പണവുമുൾപ്പെടെ സ്ത്രീധനവും വാങ്ങിയായിരുന്നു ശ്രീമഹേഷ് വിദ്യയെ വിവാഹം ചെയ്തത്. പിതാവിന്റെ ആശ്രിത പെൻഷനിൽ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയിൽ വിദ്യയെ മർദ്ദിച്ചിരുന്നു.
പലപ്പോഴും പിണങ്ങി വീട്ടിൽ എത്തിയിരുന്നെങ്കിലും വിദ്യ കുടുംബത്തിൽ നിന്ന് പലതും മറച്ചുവയ്ക്കുകയായിരുന്നു. അന്നേ വിദ്യ പീഡനം തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം വേർപ്പെടുത്തുമായിരുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു. അമ്മയെ നഷ്ടപെട്ട കുഞ്ഞിന് അച്ഛനെങ്കിലും വേണമെന്ന ഒരു ചിന്തയാണ് കുടുംബത്തെ മഹേഷിനെതിരെ കേസ് നൽകുന്നതിൽ നിന്ന് പിന്തിരിച്ചത്. അച്ഛൻ പ്രതിയായാൽ അത് കുഞ്ഞിന്റെ ഭാവിയെ തകർക്കുമെന്ന് കരുതി എല്ലാം ക്ഷമിച്ചത് ഇന്ന് കുഞ്ഞിന്റെ ജീവൻ തന്നെ എടുത്തെന്ന് വേദനയുടെ വിദ്യയുടെ മാതാപിതാക്കൾ പറയുന്നു. ശ്രീമഹേഷും വിദ്യയുമായി കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും അതൊന്നും തങ്ങളെ അറിയിച്ചിരുന്നില്ലെന്നും വിദ്യയുടെ സഹോദരൻ വിഷ്ണുവും പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























