സെക്രട്ടറി എം. ശിവശങ്കര്‍ ഇടക്കാലജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും..!എം. ശിവശങ്കറിനു അടിയന്തര ശസ്‌ത്രക്രിയ ആവശ്യമുണ്ടെന്ന് മെഡിക്കല്‍ രേഖ

എം. ശിവശങ്കറിന്റെ ചികില്‍സാ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അദ്ദേഹത്തിനു അടിയന്തര ശസ്‌ത്രക്രിയ ആവശ്യമുണ്ടെന്നാണു മെഡിക്കല്‍ രേഖയിലുള്ളത്. നട്ടെല്ലിനുവേദന, കാന്‍സര്‍രോഗ ലക്ഷണം എന്നിവയും ശിവശങ്കറിനുണ്ടെന്നും മെഡിക്കല്‍ രേഖയില്‍ പറയുന്നു. ശിവശങ്കറിന്റെ ചികില്‍സയുമായി ബന്ധപ്പെട്ട മുഴുവന്‍രേഖയും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കി മാത്രമാകും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുകയെന്നു ജസ്‌റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് കേസ് പരിഗണിച്ചപ്പോള്‍ വ്യക്‌തമാക്കിയിരുന്നു.
ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്കു ജാമ്യം വേണമെന്നാണു ശിവശങ്കറിന്റെ ആവശ്യം. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനു കീഴ്‌കോടതിയെ സമീപിക്കാമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശിവശങ്കറുടെ ഇടക്കാല ജാമ്യഹര്‍ജി ഹൈക്കോടതിയിലെത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അതിനാല്‍ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ശിവശങ്കര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇടക്കാല ജാമ്യം എന്ന ശിവശങ്കറിന്റെ ആവശ്യം പരിഗണിക്കരുതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ആവശ്യപ്പെടുന്നത്.
ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഒന്നാം പ്രതിയാണു ശിവശങ്കര്‍. റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം വിചാരണ കോടതി തള്ളിയിരുന്നു. ചികിത്സാര്‍ത്ഥമെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. ആവശ്യം തള്ളിയതോടെ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്കു ബന്ധമില്ലെന്നാണു ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.
യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയതു സ്വപ്‌ന സുരേഷും പി.എസ്. സരിത്തുമടക്കം യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്‌ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു.എ.ഇ. കോണ്‍സുലേറ്റാണ്. തനിക്കോ സംസ്‌ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല. ലൈഫ് മിഷന്‍ കേസിലെ അറസ്‌റ്റ്, രാഷ്‌ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണു ലൈഫ് മിഷന്‍ കേസ് എന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് സുപ്രീം കോടതി ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനു കീഴ്‌ക്കോടതിയെ സമീപിക്കാമെന്നു നിര്‍ദേശിച്ചത്. ഇതിനു പിന്നാലെയാണു ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.
https://www.facebook.com/Malayalivartha



























