ഓഫീസില്‍ നിന്നും മടങ്ങിവരവേ വഴിയില്‍ നിന്നു കിട്ടിയ അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണമാല യുവതി ഉടമയ്ക്ക് തിരികെ നല്‍കി

ഓഫീസില്‍ നിന്നും മടങ്ങിവരവേ വഴിയില്‍ നിന്നു കിട്ടിയ അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണമാല യുവതി ഉടമയ്ക്ക് തിരികെ നല്‍കി. രാത്രി വഴിയില്‍ നിന്നു കിട്ടിയ അഞ്ചേമുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് യുവതി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്.
ഹരിപ്പാട് കച്ചേരി ജങ്ഷനു പടിഞ്ഞാറുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ശാഖാമാനേജര്‍ വെട്ടുവേനി ആവണംകുളത്ത് സ്മിത എ. നായരാണ് മാല സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് പോലീസ് സ്റ്റേഷനു സമീപത്തെ വഴിയില്‍നിന്നു മാല കിട്ടിയത്.
ഉടമ പള്ളിപ്പാട് സ്വദേശി രജനി ഇന്നലെ രാവിലെ മാല നഷ്ടപ്പെട്ടതിനെപ്പറ്റി പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ സ്മിതയെ വിവരമറിയിച്ചു. സ്മിതതന്നെ മാല രജനിക്കു കൈമാറുകയും ചെയ്തു.
ജോലിത്തിരക്കു കാരണം ശനിയാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്നു താമസിച്ചാണ് സ്മിത ഇറങ്ങിയത്. ഇതിനിടെ ഹോമിയോ ഡോക്ടറെ കാണാന്‍പോയി. മടങ്ങുന്നതിനിടെ വള്ളിപോലൊന്നു കാലില്‍തട്ടി. കാലു കൊണ്ടുതന്നെ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ നേരിയ തിളക്കം. കൈയിലെടുത്തപ്പോള്‍ മാല. ഭാരം തോന്നിയെങ്കിലും സ്വര്‍ണമാണെന്നു സംശയം തോന്നിയതിനാല്‍ അടുത്തുള്ള സ്വര്‍ണക്കടയില്‍ കയറി മാറ്റു നോക്കിയപ്പോള്‍ 22 കാരറ്റ് സ്വര്‍ണം. തൂക്കം 45.400 ഗ്രാം. തൊട്ടടുത്താണു പോലീസ് സ്റ്റേഷന്‍. ഇതുവരെ പോലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു. അയാള്‍ക്കൊപ്പം സ്റ്റേഷനിലെത്തി എസ്.ഐ.ക്ക് മാല കൈമാറി.
ഉടമയെത്തുമ്പോള്‍ തന്നെയും വിളിക്കണമെന്നു മാത്രമായിരുന്നു സ്മിതയുടെ അഭ്യര്‍ഥന. മാല കിട്ടുമ്പോള്‍ അവരുടെ മുഖത്തെ സന്തോഷം നേരില്‍ക്കാണാന്‍ വേണ്ടിയാണിതെന്നും സ്മിത പറഞ്ഞു.
"
https://www.facebook.com/Malayalivartha



























