കോടതി വിധി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുങ്ങിയ പോക്‌സോ കേസ് പ്രതി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

കോടതി വിധി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുങ്ങിയ പോക്‌സോ കേസ് പ്രതി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. നെടുങ്കണ്ടം വടക്കേപ്പറമ്പില്‍ മാത്തുക്കുട്ടിയെ(56)യാണ് കര്‍ണാടകയിലെ കുടകില്‍ നിന്നും നെടുങ്കണ്ടം പോലീസ് പിടികൂടിയത്.
പോക്‌സോ കേസ് പ്രതി കോടതിയെ കബളിപ്പിച്ച് വിധി പ്രഖ്യാപനത്തിന് മുന്‍പ് മുങ്ങിയതോടെ കട്ടപ്പന പോക്‌സോ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പുറമെ മാത്തുക്കുട്ടിയുടെ ഭാര്യ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയും നല്‍കി. പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി വിചാരണ പൂര്‍ത്തിയായി വിധി പ്രഖ്യാപിക്കാന്‍ തീയതി തീരുമാനിച്ചതിന്റെ തലേന്നാണ് മാത്തുക്കുട്ടി മുങ്ങിയത്.
വര്‍ഷങ്ങളായി പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ നെടുങ്കണ്ടം പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്തിനകത്തും പുറത്തും പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതി കര്‍ണാടകയിലുണ്ടെന്ന വിവരം ലഭ്യമായതോടെ കര്‍ണാടകയിലെ കുടകില്‍ എത്തി അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha



























