ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി: ഭാര്യ അപകടനില തരണം ചെയ്തു...

ഫറോക്ക് പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയ ദമ്പതിമാരിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി സ്വദേശി ജിതിന്റെ മൃതദേഹമാണ് അല്പസമയം മുമ്പ് കടുവന്തുരുത്തി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഒപ്പം ചാടിയ ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഈ സംഭവം.
അതിനു ശേഷം നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇരുവരും കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നുള്ള വിവരമാണ് പോലീസ് നൽകുന്നത്. ആറ് മാസം മുമ്പാണ് ഇരുവരുടെയും രജിസ്റ്റർ മാരേജ് നടന്നത്. നിലവിൽ വർഷ ചികിത്സയിൽ തുടരുകയാണ്. വർഷ അപകടനില തരണം ചെയ്തതതായി ഡോക്ടർമാർ പറയുന്നു.
ശനിയാഴ്ച രാത്രി ഇരുവരും വീട്ടിൽ നിന്നിറങ്ങിപ്പോയതായി ബന്ധുക്കൾ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഏപ്രിൽ 19നാണ് മഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ ഇരുവരും വിവാഹിതരായത്. സംഭവ സമയം അതുവഴി വന്ന ചരക്കു ലോറി ഡ്രൈവറാണു വർഷയുടെ രക്ഷകനായത്. പുഴയിൽ ചാടുന്നത് കണ്ട് ലോറി പാലത്തിൽ നിർത്തിയ ഡ്രൈവർ വാഹനത്തിൽ ഉപയോഗിക്കാതെ കിടന്ന കയർ ഉടൻ എറിഞ്ഞു നൽകി.
വർഷയ്ക്ക് ഇതിൽ പിടിക്കാനായെങ്കിലും ഭർത്താവ് ജിതിനു പിടികിട്ടിയില്ല. ഈ സമയം മത്സ്യത്തൊഴിലാളി ചന്തക്കടവ് തയ്യിൽ ബഷീർ, മാളിയേക്കൽ അർഷൽ(പീച്ചു) എന്നിവർ തോണിയുമായി അടുത്തെത്തി യുവതിയെ കയറ്റി കരയ്ക്ക് എത്തിച്ചു. കുത്തൊഴുക്കിൽപെട്ട ജിതിനു നേരെ പങ്കായം നീട്ടിയെങ്കിലും പിടികിട്ടിയില്ല. പാലത്തിനു മുകളിൽ നാട്ടുകാരും പൊലീസും നോക്കി നിൽക്കെയാണു ജിതിൻ മുങ്ങിത്താഴ്ന്നത്. കയർ എറിഞ്ഞു നൽകാൻ ലോറി നിർത്തിയിട്ടത് പാലത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതോടെ ഡ്രൈവർ പെട്ടെന്നു വാഹനവുമായി പോയി. ഇതിനാൽ രക്ഷകൻ ആരാണെന്നു വ്യക്തമായില്ല.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ്, ഇൻസ്പെക്ടർ പി.എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ മീഞ്ചന്ത അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്ധരും എസ്ഐ പി.ഹരീഷിന്റെ നേതൃത്വത്തിൽ തീരദേശ പൊലീസും സിവിൽ ഡിഫൻസ് വൊളന്റിയർമാരും തിരച്ചിലിനു നേതൃത്വം നൽകുകയായിരുന്നു.
രണ്ടുപേരും പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു.
https://www.facebook.com/Malayalivartha



























