രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്... ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; 3 ജില്ലയിലെ സ്‌കൂളുകളില്‍ അപകടം; വിദ്യാര്‍ഥിനി മരിച്ചു, രണ്ടിടത്ത് തലനാരിഴക്ക് രക്ഷപ്പെട്ടു; ആലപ്പുഴയിലും എറണാകുളത്തും എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കും അവധി

വീണ്ടും കാലവര്‍ഷം കടുക്കുകയാണ്. അതോടെ പലയിടത്തു നിന്നും ദുരിതങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്. സംസ്ഥാനത്ത് ഇന്നും കാലവര്‍ഷം അതിതീവ്രമായി തുടരും. രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടായിരിക്കും.
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് സമ്പൂര്‍ണ അവധിയും കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ക്ക് ഒഴികെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം ശക്തമായ മഴ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്താകെ എല്ലാ ജില്ലകളിലും കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ വ്യക്തമാക്കി. അതേസമയം കാസര്‍കോട് ജില്ലയിലെ കോളേജുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കായിരിക്കും അവധി ബാധകമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റെഡ് അലര്‍ട്ട്
04-07-2023 : ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ഓറഞ്ച് അലര്‍ട്ട്
04-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ്
05-07-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
06-07-2023 : മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ജൂലൈ 5 ന് കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ) ലഭിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കുന്നു.
യെല്ലോ അലര്‍ട്ട്
04-07-2023 : തിരുവനന്തപുരം, കൊല്ലം
05-07-2023 : കൊല്ലം
06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്
07-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പ് പ്രതിനിധികളെയും ദേശിയ ദുരന്ത പ്രതികരണ സേന പ്രതിനിധികളെയും ഉള്‍പ്പെടുത്തി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ 7 സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ,തൃശൂര്‍ എന്നി ജില്ലകളില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ നദികളില്‍ ഇറങ്ങാനോ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കുക. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തു താമസിക്കുന്നവര്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം. കേരളം കര്‍ണ്ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. കാറ്റ് മൂലമുള്ള അപകടങ്ങളിലും പ്രത്യേകം ജാ?ഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുക.
സംസ്ഥാനത്ത് മഴ അതിതീവ്രമായതിന് പിന്നാലെ പലയിടത്തും ദുരിതം. സംസ്ഥാനത്തെ മൂന്ന് സ്‌കൂളികളിലായുണ്ടായ അപകടം മഴക്കെടുതിയുടെ വ്യാപ്തി വര്‍ധിപ്പിച്ചു. കാസര്‍കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 3 സ്‌കൂളുകളിലാണ് തിങ്കളാഴ്ച കനത്ത മഴ ദുരിതം വിതച്ചത്. ഇതില്‍ കാസര്‍കോട് സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം വീണ് വിദ്യാര്‍ഥിനി മരിക്കുകയും ചെയ്തു. എറണാകുളത്തും ആലപ്പുഴയിലും വലിയ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്.
"
https://www.facebook.com/Malayalivartha



























