പറന്നിറങ്ങിയ കള്ളൻ, ചാക്ക മേൽപ്പാലത്തിന് താഴെ തൂണിനിടയിൽ ഒളിപ്പിച്ചത് കണ്ട് പോലീസടക്കം അമ്പരന്നു: ഇതുവരെ ‘ലക്ഷങ്ങൾ’ സമ്പാദിച്ചത് എവറസ്റ്റ് കയറാൻ

വിമാനത്തില്‍ സംസ്ഥാനത്ത് എത്തി മോഷണം നടത്തുകയും , ശേഷം വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങുന്നത് പതിവാക്കിയ മോഷ്ടാവിനെക്കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. തിരുവനന്തപുരത്ത് മൂന്ന് മോഷണ പരമ്പര നടത്തിയ തെലങ്കാന ഖമ്മം സ്വദേശി സമ്പതി ഉമാപ്രസാദാണ് പിടിയിലായത്. കേരളത്തിലേക്ക് വീണ്ടും വരുന്നതിനിടെ ഇന്നലെ പുലർച്ചെ വിമാനത്താവളത്തിൽ വെച്ച് തന്നെയാണ് കള്ളൻ പിടിയിലായത്. അടിമുടി വേറിട്ട രീതിയുള്ള ഹൈടെക്ക് കള്ളനാണ് ഉമപ്രസാദ്. ആറ് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിക്കാൻ നടത്തിയത് നാല് വിമാന യാത്രകളാണ്. ഹോട്ടലിൽ താമസം, ഓട്ടോയിൽ കറക്കം, മോഷണം നടത്തി മടക്കം... ഇതാണ് രീതി.
തെലങ്കാനയിൽ ഒരു വീട്ടിൽനിന്ന് ഒരു കിലോ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതടക്കം 13 മോഷണക്കേസുകളിൽ പ്രതിയാണിയാൾ. 2 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ, ഓട്ടോ ഡ്രൈവറുടെ മൊഴി, ലോഡ്ജിൽ നിന്നു ലഭിച്ച വിലാസം എന്നിവയാണു പ്രതിയിലേക്കു വഴികാട്ടിയത്.
പേട്ട മൂലവിളാകം ജംക്‌ഷനിൽ പ്രസാദ് മാധവമോഹന്റെ വീട്ടിൽ നിന്ന് 11 പവന്റെ ആഭരണങ്ങളും മണക്കാട് ജിഎച്ച്എസ് ലെയ്നിൽ എ.നജാബിന്റെ വീട്ടിൽ നിന്ന് അരലക്ഷം രൂപ വിലവരുന്ന സ്വർണ, വജ്രാഭരണങ്ങളും വാഴപ്പള്ളി സ്വദേശി രത്നമ്മയുടെ വീട്ടിൽ നിന്നു 27,000 രൂപ വിലവരുന്ന ആഭരണങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്.
ഇതിൽ 2 വളകൾ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നും ബാക്കി ചാക്ക മേൽപ്പാലത്തിനു താഴെ തൂണിനിടയിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. സ്വർണാഭരണവുമായി വിമാനത്തിൽ സഞ്ചരിച്ചാൽ പ്രശ്നമാകുമെന്നു കരുതിയാണ് തൂണിനിടയിൽ കടലാസിൽ പൊതിഞ്ഞ് ഒളിപ്പിച്ചത്. കൂടുതൽ കവർച്ച നടത്താനും ഇൗ സ്വർണം തിരിച്ചെടുക്കാനുമാണ് ഉമാ പ്രദേശ് തെലങ്കാനയിൽ നിന്ന് ഇന്നലെ തിരിച്ചെത്തിയത്.
എവറസ്റ്റ് കൊടുമുടി കയറുകയെന്ന സ്വപ്നം നിറവേറ്റാനാണു കവർച്ചയിലൂടെ പണം സമാഹരിക്കുന്നതെന്നു ചോദ്യം ചെയ്യലിൽ ഉമാ പ്രസാദ് പറഞ്ഞതായി പൊലീസ്. ‘‘ഒട്ടേറെ പർവതങ്ങൾ കയറിയിട്ടുണ്ട്. ഇനി എവറസ്റ്റാണു ലക്ഷ്യം. അതിനു ലക്ഷങ്ങളാണു ചെവല്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും എന്നെ സഹായിക്കാൻ കഴിയില്ല. പ്ലസ്ടു മാത്രം പഠിച്ച എനിക്കു പണമുണ്ടാക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല.
ഇതുവരെ ‘സമ്പാദിച്ച’ ലക്ഷങ്ങൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇനി കുറച്ചു പണം കൂടി മതി. അതിനാണ് ഇവിടേക്കു വന്നത്’’– ഉമാ പ്രസാദ് പൊലീസിനോട് പറഞ്ഞു. 2 വർഷം മുൻപ് ഇയാൾ സൈന്യത്തിന്റെ കായികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയും പാസായെന്നും എന്നാൽ, റിക്രൂട്മെന്റ് സർക്കാർ റദ്ദാക്കിയതോടെ ജോലി കിട്ടിയില്ലെന്നും പൊലീസ് പറയുന്നു. മേയ് 28ന് തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു.
ഒപ്പം കയറേണ്ട, ആളില്ലാത്ത വീടുകളും നോക്കിവെച്ചു. അഞ്ച് ദിവസം കഴിഞ്ഞ് മടങ്ങി. നാലു ദിവസം കഴിഞ്ഞ് ജൂൺ ആറിന് വിമാനം കയറി വീണ്ടുമെത്തി. മൂന്ന് വീടുകളിൽ നിരനിരയായി മോഷണം പൂർത്തിയാക്കി ഈ മാസം ഒന്നിന് തിരിച്ചുപോയി. വിരലടയാളം പതിയാതിരിക്കാൻ കയ്യുറ, രൂപവും മുഖവും തിരിച്ചറിയാതിരിക്കാൻ ഓവർകോട്ട്... ഇങ്ങനെ പൊലീസിനെ വെള്ളം കുടിപ്പിച്ച മോഷ്ടാവിലേക്കെത്താൻ സിസിടിവി ദൃശ്യങ്ങളാണ് സഹായിച്ചത്. ഇയാൾ കയറിയ ഓട്ടോയിലെ ഡ്രൈവർ നൽകിയ വിവരമാണ് നിർണായകമായത്.
ഹോട്ടലുകളിൽ നൽകിയ വിലാസവും വിമാന ടിക്കറ്റുകളും തപ്പിച്ചെന്നാണ് ഇയാളെ പിടിച്ചത്. സ്വർണ്ണം മാത്രമേ മോഷ്ടിക്കൂ എന്നത് മാത്രമല്ല, പണയം വെച്ച് കിട്ടുന്ന പണമാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്. പൊലീസിനെക്കുറിച്ചും നേരത്തെ ഇയാൾ മനസ്സിലാക്കിയിട്ടുണ്ട്. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത് പൊലീസിന്റെ കൈയിലേക്കാണ്. കൂടുതൽ മോഷണങ്ങൾ നടത്തിയോ എന്നത് കൂടുതൽ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























