ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ നവവധുവിനെ കണ്ടെത്തിയ സംഭവത്തിൽ സ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം: തിങ്കളാഴ്ച പുലർച്ചെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലെത്തിച്ച വിപിനിനെ, ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയച്ചു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമാകും....

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വാഭാവികത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രത്യക്ഷത്തിൽ മരണം സംബന്ധിച്ച് സംശയം ഉണ്ടാകുന്ന മറ്റു തെളിവുകൾ ലഭിച്ചില്ലെന്ന് ഇൻസ്പെക്ടർ ഡി.ഷിബുകുമാർ പറഞ്ഞു. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ പ്രഭാകരൻ–ഷൈലജ ദമ്പതികളുടെ മകൾ സോനയെ ആണ് ഭർതൃ ഗ്രഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ഭർത്താവ് വിപിനെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. തിങ്കൾ പുലർച്ചെ ചോദ്യം ചെയ്യാൻ സ്റ്റേഷനിലെത്തിച്ച വിപിനിനെ ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും മരണത്തിൽ അസ്വാഭാവികത ഉണ്ടെങ്കിൽ അറിയാനാകൂ. ഫൊറൻസിക് സർജനെ കണ്ട് പൊലീസ് വിവരങ്ങൾ ചോദിച്ച് അറിഞ്ഞിരുന്നു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇതുകൊണ്ടാണ് ആത്മഹത്യയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതെന്നു പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോൺ കോൾ സംബന്ധിച്ച് പരിശോധന നടത്തും.
ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 15 ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിൻ ഓട്ടോ ഡ്രൈവറാണ്. സോന മരിച്ച മുറിയ്ക്കുള്ളിൽ വിപിൻ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്.
രാത്രി 11ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണു കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു. കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും സോനയെ എത്തിച്ചു. വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വിപിനും സോനയും രണ്ട് സമുദായക്കാരാണ്. പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാർ ഇടപെട്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച വിവാഹം കഴിഞ്ഞുള്ള ചടങ്ങിന് ഇരുവരും സന്തോഷത്തോടെയാണ് എത്തിയതെന്ന് സോനയുടെ പിതാവ് പറയുന്നു. വിപിന്റെ കൊച്ചച്ചന്റെ വീട്ടിൽ വിരുന്ന് ഉണ്ടെന്ന് പറഞ്ഞ് സന്തോഷത്തോടെയായിരുന്നു യാത്ര പറഞ്ഞ് ഇറങ്ങിയത്. ഇടയ്ക്കിടെ സോനയ്ക്ക് തലവേദന വരാറുണ്ട്. സംഭവ ദിവസം രാത്രി ഒമ്പതേ
മുക്കാലോടെ എന്നെ വിളിച്ച് അച്ഛാ തലവേദനയെടുക്കുന്നുവെന്ന് പറഞ്ഞു. ഇടയ്ക്കിടെ വരാറുള്ളതുകൊണ്ട് അതിനെ ഗൗനിക്കാതെ മോള് ഗുളിക കഴിച്ച് ഉറങ്ങിക്കോ എന്ന് പറഞ്ഞു, രാത്രി ഒന്നരയോടെ വിപിന്റെ വീടിന്റെ അടുത്തുള്ള ചെറുക്കാനാണ് മോള് തൂങ്ങിയെന്ന് വിളിച്ച് പറഞ്ഞത്.
വിവരം അറിഞ്ഞ ഉടൻ ജ്യേഷ്ഠന്റെ മോനുമായി മെഡിക്കൽ കോളേജിൽ എത്തിഎപ്പോഴാണ് മകൾ മരിച്ചെന്ന് അറിഞ്ഞത്. സോനയും അമ്മയും സംസാരിച്ച് ഇരിക്കുന്നത് കണ്ടിട്ട് ഒമ്പത് മണിയോടെ പോയി ഉറങ്ങിയെന്നും, പിന്നീട് ഒരു ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് സോനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നുമാണ് ഭർത്താവിന്റെ മൊഴി.
ഇയാൾ കിടക്കുന്ന കട്ടിലിൽ കയറി തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സന്തോഷത്തോടെ തങ്ങളുടെ വീട്ടിൽ നിന്നും പോയ പെൺകുട്ടിക്ക് രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നാണ് സോനയുടെ കുടുംബം ഉന്നയിക്കുന്ന പ്രധാന ചോദ്യം. സോനയുടേത് പ്രണയ വിവാഹമായിരുന്നു.
ഈ വിവാഹത്തിനോട് പെൺകുട്ടിയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും സോനയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിപ്പികുകയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പതിനഞ്ചാം ദിവസം ജീവനൊടുക്കാൻ കാരണം എന്താണന്ന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും മരണത്തിൽ അസ്വാഭാവികത ഉണ്ടെങ്കിൽ അറിയാനാകൂ.
https://www.facebook.com/Malayalivartha


























