നിലപാടില്ലാതെ സി.പി.എം അധികാരം തലയ്ക്ക് പിടിച്ചു ഫാസിസവും വേട്ടയും ആയുധം

മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് സി.പി.എമ്മിന് എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടുണ്ടായിരുന്നു. പാര്‍ട്ടിയുടെ ജനപിന്തുണ മോശമായിരുന്ന സമയത്തും അതില്‍ അടിയുറച്ച് നിന്നിരുന്നു. ശബരിമല സുപ്രീംകോടതി വിധിയുടെ കാര്യത്തിലടക്കം അങ്ങനെയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി നിലപാടുണ്ടെങ്കിലും അതില്‍ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പാര്‍ട്ടിയും സര്‍ക്കാരും എസ്.എഫ്.ഐ നേതാക്കളും അടക്കം കാട്ടിക്കൂട്ടിയ തെറ്റുകളെ ന്യായീകരിക്കാനോ, അതില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനോ അല്ലെങ്കില്‍ പകപോക്കുന്ന തരത്തിലോ ഉള്ള കാര്യങ്ങളുണ്ടാകുന്നു.
ഇതിനെ നേതൃത്വം കണ്ണുമടച്ച് ന്യായീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനസമ്മതം നല്‍കുകയും ചെയ്യുന്നു എന്നത് വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. തെറ്റ് മറയ്ക്കാന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുക, അല്ലാതെ തിരുത്താന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളില്‍ കര്‍ശനമായ തെറ്റുതിരുത്തല്‍ ഉണ്ടാകുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ആലപ്പുഴയിലും പാലക്കാടും അത് കണ്ടു. സര്‍ക്കാരിലും സംസ്ഥാന നേതാക്കളുടെ ഇടയിലും ഇത്തരത്തിലുള്ള തിരുത്തലുകള്‍ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തെ സി.പി.എം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുമലിലാണെന്ന സത്യം ഏവര്‍ക്കും അറിയാം.
പാര്‍ട്ടിയും അനുബന്ധ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്നത് പിണറായിയുടെ നേതൃത്വത്തിലാണ്. ബംഗാളിലോ, ത്രിപുരയിലോ ബക്കറ്റ് പരിവ് പോലും നടത്താനാകാത്ത സാഹചര്യമാണുള്ളത്. അതേ അവസ്ഥ ഇവിടെയും ഉണ്ടാകാതിരിക്കാന്‍ നേതൃത്വം ഇടപെടണം. കാരണം ജനാധിപത്യ രീതിയില്‍ സി.പി.എം മുന്നോട്ട് പോകേണ്ടത് ഇന്നാട്ടിലെ ജനങ്ങളുടെ കൂടെ ആവശ്യമാണ്.
കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഫാസിസ്റ്റ് നിലപാടുകളെ ശക്തിയുക്തം എതിര്‍ക്കുന്ന സി.പി.എമ്മും നേതാക്കളും സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരോടും പ്രതിപക്ഷനേതാക്കളോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. എതിര്‍്പ്പുകള്‍ ശക്തമായിട്ടും പിന്നെയും ശങ്കരന്‍ തെങ്ങില്‍ തന്നെ എന്ന അവസ്ഥയാണുള്ളത്. പി.വി അന്‍വര്‍, ശ്രീനിജന്‍ എന്നീ എം.എല്‍.എമാര്‍ക്ക് വേണ്ടി മറുനാടന്‍ മലയാളി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളെ വേട്ടയാടുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ച കാര്യമല്ല. എതിര്‍ശബ്ദങ്ങളെ തല്ലിക്കെടുത്തുന്ന സമീപനം സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തിന് ചേര്‍ന്നതല്ല.
നിയമപരമായ നടപടികള്‍ സ്വീകരിക്കാം പക്ഷെ, അതിന്റെ അതിര്‍വരമ്പുകള്‍ മറികടക്കുകയും വേട്ടക്കാരെ പോലെ പെരുമാറുകയും ചെയ്യുന്നത് ആപത്താണ്. ഷാജന്‍ സ്‌കറിയയ്‌ക്കെതിരായ കേസിന്റെ പേരില്‍ മറുനാടന്‍ മലയാളി എന്ന സ്ഥാപനത്തെ ഇല്ലാതാക്കാനും അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും തൊഴിലെടുക്കാനുള്ള അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നത് ഒരു തൊഴിലാളി പ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന് പറ്റിയ നടപടിയല്ല. ഇതിനെ ന്യായീകരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കില്‍ നിങ്ങളും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം. അവരില്‍ നിന്ന് വ്യത്യസ്തമായ സമീപനം ഉള്ളതുകൊണ്ടാണല്ലോ ജനം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിങ്ങളെയീ മണ്ണില്‍ അടിയുറച്ച് നിര്‍ത്തുന്നത്. അന്‍വറും ശ്രീനിജനും ഇന്നലത്തെ മഴയത്ത് തളിര്‍ത്ത എം.എല്‍.എമാരാണ്. സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളൊന്നും അങ്ങനെയല്ല. അതുകൊണ്ട് രണ്ട് പേര്‍ക്ക് വേണ്ടി സര്‍ക്കാരും പാര്‍ട്ടിയും വഴിവിട്ട നിലപാടെടുക്കരുത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എന്നിവര്‍ക്കെതിരെ മുമ്പുണ്ടായിരുന്ന കേസുകള്‍ വീണ്ടും കുത്തിപ്പൊക്കിയത് അവര്‍ക്ക് അനുഗ്രഹമായി. അതുകൊണ്ടാണല്ലോ നിലപാട് മയപ്പെടുത്തിയത്. ഏക സിവില്‍ക്കോടിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് മുസ്ലിംലീഗും ഇടതിനൊപ്പം എക്കാലവും നിന്ന കാന്തപുരവും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരായ സമരകാലത്ത് ഇതായിരുന്നില്ല ഇവരുടെ നയം. ലീഗിനെ പൊതുവ്യക്തിനിയമ പോരാട്ടത്തിന് ക്ഷണിക്കുകയും കോണ്‍ഗ്രസിനെ അവഗണിക്കുകയും ചെയ്തത് ശരിയായ സമീപനമല്ലെന്ന് സി.പി.എം നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം. ഇത്തരം പൊതുവായ വിഷയങ്ങളില്‍ അന്ധമായ കോണ്‍ഗ്രസ് വിരോധം കാണിക്കരുത്. അത് കേവലം വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് മുസ്ലിംസംഘടനകള്‍ക്ക് മനസ്സിലായി.
മാത്രമല്ല ഇ.എം.എസ്. ഇ.കെ നായനാര്‍, സുശീലാ ഗോപാലന്‍ തുടങ്ങിയ നേതാക്കളെല്ലാം ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടവരാണ്. ഇ.എം.എസ് അതിന്റെ വക്താവായിരുന്നു. അദ്ദേഹം എണ്‍പതുകളിലെടുത്ത നിലപാടിനെ പരസ്യമായി തള്ളിപ്പറയാനും സി.പി.എം തയ്യാറാകുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നു. അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ സമീപം ഇന്ന് എടുക്കുന്നതിനുള്ള കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും ബി.ജെ.പിയും അത് മുതലെടുക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കണം.
എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്ക് അടക്കമുള്ള കേസുകളിലെ അന്വേഷണം ശക്തമാക്കണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം. പാര്‍്ടിയുടെ തണലില്‍ ഇത്തരം തെറ്റുകള്‍ മറ്റാരും ആവര്‍ത്തിക്കാരിതിരിക്കുന്നതിനുള്ള ജാഗ്രത പാലിക്കണം. തെറ്റുകാരെ പൊതുജനമധ്യത്തില്‍ ന്യായീകരിക്കുന്ന സമീപനത്തിലും മാറ്റമുണ്ടാകണം. കാരണം അതൊക്കെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അതുകൊണ്ട് ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളില്‍ ശുദ്ധികലശം നടത്തിയത് പോലെ സര്‍്ക്കാരിലും നടത്തണം. ചില ഉന്നതരായ നേതാക്കളെയും നേര്‍വഴിക്ക് നടത്തേണം. അത് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഏറെ പ്രതീക്ഷനല്‍കുന്ന കാര്യമാണ്. അടിപതറാതെ ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുന്നതാണ് സി.പി.എമ്മിനും അവരെ ഉറ്റുനോക്കുന്ന സമൂഹത്തിനും ഗുണകരം.
https://www.facebook.com/Malayalivartha



























