നിയമം കടലാസിലുറങ്ങുന്നു; പരാതിയുമായി ഭിന്നശേഷിക്കാരും മാതാപിതാക്കളും; ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ വിവിധ പരാതികൾ ചർച്ച ചെയ്തു

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമങ്ങളേറെയുണ്ടെങ്കിലും പലതും പ്രായോഗികതലത്തില്‍ നടപ്പാക്കുന്നില്ലെന്ന് ഭിന്നശേഷിക്കാരും മാതാപിതാക്കളും. ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന, ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട സമ്മേളനത്തിലാണ് വിഷയം ചര്‍ച്ചയായത്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട അധികൃതരുടെ മുന്നിലാണ് ദുരിതകഥകള്‍ പറഞ്ഞത്.
സംസ്ഥാത്തെ ഗതാഗത സൗകര്യം ഭിന്നശേഷി സൗഹൃദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിർദേശം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ യാഥാര്‍ത്ഥ്യമായില്ലെന്ന് വീല്‍ചെയറില്‍ എത്തിയ പ്രതിനിധി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തുമെന്നും ചര്‍ച്ചയുടെ മോഡറേറ്ററും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായ മീണകുമാര്‍ ഐ.എ.എസ് മറുപടി നല്‍കി. ഭാവിയില്‍ ഗതാഗത സൗകര്യം ഭിന്നശേഷി സൗഹൃമാക്കുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു.
കേന്ദ്രം നല്‍കിയ സമയം അവസാനിച്ചെങ്കിലും പല സംസ്ഥാനങ്ങളും കാലാവധി നീട്ടിചോദിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷ്ണര്‍ പഞ്ചാപകേശൻ വ്യക്തമാക്കി. അതേസമയം ഗതാഗതസൈകര്യം 90 ശതമാനം ഭിന്നശേഷി സൗഹൃദമാക്കിയ തമിഴ്‌നാടിന് സമയപരിധി നീട്ടികൊടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇത് ഔദാര്യമല്ല, അവകാശമാണ്. അതിനാല്‍ ഭിന്നശേഷിക്കാരാരെങ്കിലും നിയമനടപടി സ്വീകരിക്കണമെന്നും കോടതി ഇത് അവഗണിക്കാതിരിക്കില്ലെന്നും ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃമാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചതെന്നും ഗതാഗതസൗകര്യവും പൊതുസ്ഥലങ്ങളും അതില്‍ പെടില്ലെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നികുതി ഇളവ് അനുവദിക്കണമെന്ന് ഒരു പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അത് കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം മറുപടി നല്‍കി. അതേസമയം ഭിന്നശേഷിക്കാരുടെ പേരില്‍ വാഹനങ്ങളും മറ്റും വാങ്ങുമ്പോള്‍ നികുതി ഇളവ് ലഭിക്കുമെന്ന് പ്രതിനിധികളിലൊരാള്‍ പറഞ്ഞു.
ചെവികേള്‍ക്കാത്ത കുട്ടികള്‍ക്ക് കോക്‌ളിയര്‍ ഇംപ്ലാന്റ് സാമൂഹ്യസുരക്ഷാ മിഷന്‍ ചെയ്തുവന്നിരുന്നതാണ്. എന്നാലത് കഴിഞ്ഞ ബജറ്റില്‍ ആരോഗ്യവകുപ്പിലേക്ക് മാറ്റി. അവിടെ സമീപിച്ചപ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇതിന് പരിഹാരം കാണണമെന്നും ഒരു മാതാവ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനായി ഈ മാസം 10ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്ന് സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഷിബു ഐ.എ.എസ് മറുപടി നല്‍കി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേകം പാഠ്യ പദ്ധതി വേണമെന്നും നിലവില്‍ സാധാരണ കുട്ടികള്‍ക്കൊപ്പം പരീക്ഷ എഴുതി ജയിക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ലെന്നും മറ്റൊരു മാതാവ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും, അത് നല്ല കാര്യമാണെന്നും ഭിന്നശേഷി കമ്മിഷ്ണര്‍ പറഞ്ഞു.
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ എടുക്കുന്നെന്ന് സമ്മേളന പ്രതിനിധികളില്‍ ചിലര്‍ പരാതി പറഞ്ഞു. സംസ്ഥാനത്തെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മെഡിക്കല്‍കോളജുകളും മെഡിക്കല്‍ബോര്‍ഡ് ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍ ചില ആശുപത്രികളില്‍ ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റുകളില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരെങ്കിലും പരാതി നല്‍കിയാല്‍ ഭിന്നശേഷി കമ്മിഷന്‍ ഇടപെട്ട് നടപടി വേഗത്തിലാക്കുമെന്നും ഭിന്നശേഷി കമ്മിഷണർ പഞ്ചാപകേശൻ ഉറപ്പു നല്‍കി.
സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഷിബു, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പഞ്ചാപകേശൻ, നിഷ് ഡയറക്ടര്‍ ഡോ. സുജ, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടർ കെ. മൊയ്ദീന്‍ കുട്ടി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവര്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ മെമെന്റോ നല്‍കി. ഡിഫറൻറ്ഗോ ആർട് സെൻറർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടും പങ്കെടുത്തു.
https://www.facebook.com/Malayalivartha



























