ഉയർന്ന തിരമാല ജാഗ്രത നിർദേശം; കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും തുടർന്ന് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ ( ജൂലൈ 9) രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെയ് വരെ ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിൽ ഇന്ന് (ജൂലൈ 08) വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും തുടർന്ന് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ചക്രവാതച്ചുഴി നിലവിൽ ജാർഖണ്ഡിന് മുകളിൽ നിലനിൽക്കുന്നു. വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha


























