മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച പിഡിപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പി ഡി പി ചെയര്‍മാന്‍ മഅ്ദനിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയാന്‍ ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ച പിഡിപി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് നടപടി. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കൊച്ചിയില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകയെ വാട്ട്‌സാപ്പ് വഴി നിരന്തരം ശല്യം ചെയ്തതിന് നിസാര്‍ മേത്തറെ പിഡിപി നേതൃത്വം നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാദ്ധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് നിസാറെ പിഡിപി പുറത്താക്കിയത്.
സ്ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുളള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കടവന്ത്ര പൊലീസ് പിഡിപി നേതാവിനെതിരെ കേസെടുത്തത്. അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായി നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് മാദ്ധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കിയത്.
കേരള സന്ദര്‍ശന വേളയില്‍ ആശുപത്രിയിലായ പി ഡി പി ചെയര്‍മാന്‍ മഅ്ദനിയുടെ ആരോഗ്യനില മാദ്ധ്യമങ്ങളെ അറിയിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് നിസാര്‍ മേത്തറെയാണ്. മഅ്ദനിയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിയാന്‍ നിസാറുമായി മാദ്ധ്യമപ്രവര്‍ത്തക ബന്ധപ്പെട്ടു. ഇതിന് പിന്നാലെയാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. മാദ്ധ്യമപ്രവര്‍ത്തക താക്കീത് നല്‍കിയെങ്കിലും സന്ദേശങ്ങള്‍ അയയ്ക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























