പൂജയ്ക്കായി കുടുംബത്തിനൊപ്പമെത്തിയ 12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ കേസ്... പ്രതി ആശ്രമം നടത്തിപ്പുകാരന്‍ 36 കാരനായ സൂര്യനാരായണന്‍ എന്ന രഞ്ജിത്തിനെതിരെ പോലീസ് കുറ്റപത്രം, സംഭവം പുറത്ത് അറിഞ്ഞതോടെ മലയിന്‍കീഴ് നിന്ന് മുങ്ങിയ സൂര്യനാരായണന്‍ തമിഴ്‌നാട് തക്കലയില്‍ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു

പൂജയ്ക്കായി കുടുംബത്തിനൊപ്പമെത്തിയ 12 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിരയാക്കിയ കേസില്‍ ആശ്രമം നടത്തിപ്പുകാരനായ സ്വാമിക്കെതിരെ തലസ്ഥാന ജില്ലാ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ആലപ്പുഴ ചേര്‍ത്തല സ്വദേശി രഞ്ജിത്തെന്ന സൂര്യനാരായണനെ (36) ഏക പ്രതിയാക്കിയാണ് റൂറല്‍ മലയിന്‍കീഴ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒളിവില്‍ പോയ ഇയാളെ 2023 ഫെബ്രുവരി 10 നാണ് അറസ്റ്റ് ചെയ്തത്. 2021ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൂര്യനാരായണന്‍ മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവില്‍ വാടകയ്ക്ക് വീട് എടുത്ത് ആശ്രമം നടത്തി വരികയായിരുന്നു.
ഈ ആശ്രമത്തില്‍ എത്തിയ കുട്ടിയുടെ മാതാപിതാക്കളുമായി സൂര്യ നാരായണന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് വിശദമാക്കി. പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തില്‍ തുടരുമ്പോഴാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത് എന്നാണ് മലയിന്‍കീഴ് പൊലീസ് പറയുന്നത്. ഒരു വര്‍ഷത്തോളം ഇയാള്‍ പീഡനം തുടര്‍ന്നു. ഇതിനിടെ മകന്റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ കണ്ട രക്ഷിതാക്കള്‍ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഈ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. സംഭവം പുറത്ത് അറിഞ്ഞതോടെ മലയിന്‍കീഴ് നിന്ന് മുങ്ങിയ സൂര്യനാരായണന്‍ തമിഴ്‌നാട് തക്കലയില്‍ എത്തി അവിടെ ആശ്രമം സ്ഥാപിച്ച് കഴിയുകയായിരുന്നു. മലയിന്‍കീഴ് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ തക്കലയില്‍ നിന്ന് പിടികൂടുകയായിരുന്നു.
36 വയസുകാരനായ ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 ( പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം) കൂടാതെ 2012 ലെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ത്തുള്ളതാണ് പോലീസ് കുറ്റപത്രം.
"
https://www.facebook.com/Malayalivartha


























