വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി

വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി.
മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാനായി സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
വ്യക്തി അയാളുടെ കൈവശാവകാശം മാത്രമാണ് കൈമാറുന്നതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവു നല്‍കിയത്. ഹര്‍ജിക്കാര്‍ വസ്തു 'വെറും പാട്ടമാണെന്ന്' അവകാശപ്പെടുന്നതു കൊണ്ടാണ് മുന്നാധാരം ഹാജരാക്കാന്‍ ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍ കൈവശാവകാശം കൈമാറാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഭൂമിയല്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഭൂമിയുടെ കൈവശാവകാശം കൈമാറാന്‍ നിയമപരമായി വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോയെന്ന് സബ് രജിസ്ട്രാര്‍മാര്‍ നോക്കേണ്ടതില്ലെന്നും മറ്റൊരു കേസില്‍ ഹൈക്കോടതി വിധിച്ചിട്ടുണ്ടെന്നും സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























