സംസ്ഥാനത്തെ ജയിലുകളുടെ പദവി ഉയര്‍ത്തിയത് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയെന്ന് ഋഷിരാജ്‌സിങ്

സംസ്ഥാനത്ത് ജയിലുകളുടെ പദവി ഉയര്‍ത്തിയത് ആവശ്യത്തിന് തസ്തിക സൃഷ്ടിക്കുകയോ ജീവനക്കാരെ നിയമിക്കുകയോ ചെയ്യാതെയാണെന്ന് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞു. സബ് ജയിലുകള്‍ സ്‌പെഷല്‍ സബ് ജയിലുകളും സ്‌പെഷല്‍ സബ് ജയിലുകള്‍ ജില്ലാ ജയിലുകളുമാക്കിയാണ് ഉയര്‍ത്തിയത്. ഇതോടൊപ്പം വിയ്യൂരിലെ അതിസുരക്ഷാ ജയിലിന്റെയും തവനൂര്‍, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ ജയിലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. നിലവിലുള്ള ജയിലുകളിലും പുതിയ ജയിലുകള്‍ തുറക്കാനും കൂടുതല്‍ ജീവനക്കാര്‍ വേണം. ഇതിനായി സര്‍ക്കാരുമായി ബന്ധപ്പെട്ട് ശ്രമിച്ചുവരികയാണ്.
ജയിലില്‍ ഡോഗ് സ്‌ക്വാഡ് തുടങ്ങുന്നതിനും സര്‍ക്കാരിന്റെ ഉത്തരവില്ല. മുന്‍ ജയില്‍ ഡി.ജി.പി. താത്പര്യമെടുത്ത് തുടങ്ങിയതാണ്. ഇവിടെ ജീവനക്കാരെ നിയമിക്കണമെങ്കിലും സര്‍ക്കാരില്‍നിന്നുള്ള അനുമതി നേടണം. ജയില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന മേഖലാ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പരിശീലനം നല്‍കാന്‍ ജീവനക്കാരെത്താതെ ഇവ പ്രവര്‍ത്തിപ്പിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഡി.ജി.പി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനെയും ജില്ലയിലെ കോടതികളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡി.ജി.പി. പറഞ്ഞു. തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതിന് മതിയായ പോലീസ് അകമ്പടി ലഭിക്കാത്ത പ്രശ്‌നമുണ്ട്. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയുമായി സംസാരിച്ച് ഇത് പരിഹരിക്കാന്‍ നടപടിയെടുക്കും.
വിയ്യൂര്‍ ജയിലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ രണ്ട് നൈജീരിയക്കാരും ഒരു മ്യാന്‍മര്‍കാരനും ഉള്‍പ്പെട നാല് വിദേശ തടവുകാര്‍ കഴിയുന്നുണ്ട്. ഇവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ഋഷിരാജ് സിങ് പറഞ്ഞു. ജയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. മധ്യമേഖലാ ജയില്‍ ഡിഐജി കെ. രാധാകൃഷ്ണന്‍,സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്. സന്തോഷ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജയില്‍ മേധാവിയായി ചുമതലയേറ്റശേഷം ആദ്യമായാണ് അദ്ദേഹം വിയ്യൂരിലെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























