ലൂണയെ വെട്ടാന്‍ കുതിയ്ക്കും... ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായകഘട്ടങ്ങളിലൊന്നായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ ഇന്ന് വേര്‍പെടും; ചന്ദ്രനോട് കൂടുതല്‍ അടുത്ത് ചന്ദ്രയാന്‍ 3; ഇനിയുള്ള ഓരോ നിമിഷവും നിര്‍ണായകം

ഇന്ത്യ കാത്തിരുന്ന ആ സുന്ദര മുഹൂര്‍ത്തത്തിന് ഇനി അധിക ദിവസമില്ല. ലോകത്തിന്റെ നെറുകയിലേക്ക് ചന്ദ്രയാന്‍ കുതിയ്ക്കുകയാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായകഘട്ടങ്ങളിലൊന്നായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ലാന്‍ഡര്‍ വേര്‍പെടല്‍ ഇന്ന് ഉച്ചയ്ക്ക് 1.13നു നടക്കും. ഇതിനു മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും താഴ്ത്തുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രോപരിതലത്തിനു 100 കിലോമീറ്റര്‍ മുകളിലെത്തിയ ശേഷമായിരിക്കും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നു ലാന്‍ഡര്‍ വേര്‍പ്പെടുക. തുടര്‍ന്നു ലാന്‍ഡര്‍ ഇറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങും. ത്രസ്റ്റര്‍ എന്‍ജിന്‍ ഉപയോഗിച്ച് വേഗം കുറച്ച് താഴേക്കെത്തും. ചന്ദ്രോപരിതലത്തിന് 800 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍ 2 ത്രസ്റ്റര്‍ എന്‍ജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ അല്‍പനേരം നിശ്ചലമായി നില്‍ക്കും. പിന്നീട് സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തിലാകും താഴെയിറങ്ങുന്നത്.
കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ഇത്തവണ ലാന്‍ഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാന്‍ സഹായിക്കും. 23ന് വൈകിട്ട് 5.47ന് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍. തുടര്‍ന്ന് ലാന്‍ഡറില്‍ നിന്ന് റാംപ് തുറന്ന് റോവര്‍ പുറത്തിറങ്ങും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഏത് ദൗത്യം ആദ്യമിറങ്ങുമെന്ന ആകാംക്ഷയിലാണു ലോകം. റഷ്യയുടെ ലൂണ 25 ദൗത്യവും ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. ഓഗസ്റ്റ് 21നും 23നും ഇടയില്‍ ലൂണ ഇറങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍.
ചന്ദ്രയാന്‍ 3ന് 3800 കിലോഗ്രാമാണ് ഭാരം. ഒന്നര മാസത്തോളമെടുത്താണ് ലക്ഷ്യത്തിലെത്തുക. എന്നാല്‍, ലൂണ 1750 കിലോയേയുള്ളൂ. അതുകൊണ്ട് ലക്ഷ്യത്തിലെത്താന്‍ കുറച്ചുസമയം മതി (11 ദിവസം).
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ അവസാനഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായതോടെ ഇന്ത്യ ശുഭപ്രതീക്ഷയിലാണ്. ഇതോടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകം കടന്നു. ഇനി ലാന്‍ഡറുംപ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതാണ് ശേഷിക്കുന്നത്. ഇത് ഇന്ന് നടക്കും.
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്ത്തലാണ് ഇന്നലെ നടന്നത്. ഇത് പൂര്‍ത്തിയായതോടെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പിരിയുന്നതിനായുള്ള നടപടികള്‍ക്ക് ഐഎസ്ആര്‍ഒ തുടക്കമിട്ടു. നിലവില്‍ ചന്ദ്രനില്‍ നിന്ന് 163 കിലോമീറ്റര്‍ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നു വേര്‍പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3, 22ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.
ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരും.വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയമടക്കമുള്ള ഘട്ടങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കും.
ലാന്‍ഡിങ്ങിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശമാണ്. ചന്ദ്രയാന്‍ രണ്ടില്‍ നിശ്ചയിച്ചിരുന്നത് 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ലാന്‍ഡിങ് ഏരിയ മാത്രമാണ്.
https://www.facebook.com/Malayalivartha






















