കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 22നു മുമ്പും ബോണസും ഉത്സവബത്തയും ഓണത്തിനു മുമ്പും നല്‍കും

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 22നു മുമ്പും ബോണസും ഉത്സവബത്തയും ഓണത്തിനു മുമ്പും നല്‍കും. ജൂലായിലെ ശമ്പളം ആഗസ്റ്റ് 25നകം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനമായത്.
അംഗീകൃത തൊഴിലാളി സംഘടനാനേതാക്കളുമായി മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, ആന്റണി രാജു, വി.ശിവന്‍കുട്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഉറപ്പുനല്‍കി.
ഉറപ്പ് പാലിക്കുകയാണെങ്കില്‍ 26ന് നടത്താന്‍ നിശ്ചയിച്ച പണിമുടക്ക് പിന്‍വലിക്കുമെന്ന് സി.ഐ.ടി.യു, ടി.ഡി.എഫ്, ബി.എം.എസ് സംഘടനാനേതാക്കള്‍ വ്യക്തമാക്കി.
ശമ്പളം ഒറ്റത്തവണയായി നല്‍കും. ഇപ്പോള്‍ അനുവദിച്ച 30 കോടി രൂപയ്ക്കു പുറമെ ആവശ്യമുള്ള തുക കൂടി ധനവകുപ്പ് അനുവദിക്കും. ഓണം അലവന്‍സിനുള്ള തുക കണ്ടെത്തി നല്‍കാന്‍ മന്ത്രിമാര്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഓണം ആനുകൂല്യങ്ങളൊന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല.
വായ്പയോ ഓവര്‍ ഡ്രാഫ്‌ടോ എടുത്ത് അഡ്വാന്‍സ് നല്‍കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാമെന്നതിനപ്പുറം മന്ത്രിമാര്‍ ഉറപ്പ് നല്‍കിയില്ല. ജീവനക്കാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മറ്രൊരിക്കല്‍ ചര്‍ച്ചചെയ്യാമെന്ന് മന്ത്രിമാര്‍ അറിയിച്ചു. രണ്ടു മാസത്തെ പെന്‍ഷന്‍ കുടിശ്ശിക എന്നു നല്‍കുമെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടായില്ല. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു.
ജീവനക്കാര്‍ക്ക് 4000 രൂപ ബോണസും 2,750 രൂപ ഉത്സവബത്തയും നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ധാരണയിലെത്തി. അടിസ്ഥാന ശമ്പളം 34,000 രൂപയില്‍ കുറവുള്ളവര്‍ക്കാണ് ബോണസ്. മറ്റുള്ളവര്‍ക്ക് ഉത്സവ ബത്ത. താത്കാലിക ജീവനക്കാര്‍ക്ക് 1000 രൂപ വീതം ഓണം ആനുകൂല്യം. കഴിഞ്ഞ ഓണത്തിന് ഇതൊന്നും നല്‍കിയിരുന്നില്ല.സര്‍ക്കാരിന്റെ ധനസഹായം കിട്ടുന്നതിനനുസരിച്ചായിരിക്കും അനുകൂല്യ വിതരണം.
"
https://www.facebook.com/Malayalivartha






















