അമ്പരപ്പിക്കുന്ന കുതിപ്പ്... ഒരു ദിവസത്തെ കാത്തിരുപ്പില്‍ രാജ്യം; ദൗത്യത്തിലെ ലാന്‍ഡറും 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്ററുമായി ആശയവിനിമയം സ്ഥാപിച്ചത് ചരിത്ര നേട്ടം; ചന്ദ്രന്റെ വിദൂരവശത്തിന്റെ ചിത്രം ലാന്‍ഡര്‍ പകര്‍ത്തി

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമാകുകയാണ്. ഇനി ചന്ദ്രയാന്‍ ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിലേക്കാണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ചന്ദ്രനിലെ ലാന്‍ഡിങ്ങിനു മുന്‍പുള്ള മറ്റൊരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി. ദൗത്യത്തിലെ ലാന്‍ഡറും 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്ററുമായി ആശയവിനിമയം സ്ഥാപിച്ചു.
പുതിയ ദൗത്യവും ഭൂമിയുമായി ഇനി ആശയവിനിമയം നടത്തുന്നത് ഈ ഓര്‍ബിറ്റര്‍ വഴിയാണ്. ചന്ദ്രയാന്‍ 3 ലാന്‍ഡറിനു ബെംഗളൂരുവിലെ കണ്‍ട്രോള്‍ സെന്ററുമായി നേരിട്ടു ബന്ധപ്പെടാനും ശേഷിയുണ്ട്. ഇതിനു പുറമേയാണ് ചന്ദ്രയാന്‍ 2ന്റെ ഓര്‍ബിറ്ററുമായുള്ള ബന്ധം. ഇതോടെ, ഏതെങ്കിലുമൊരു സംവിധാനത്തിനു തകരാര്‍ സംഭവിച്ചാലും ആശയവിനിമയം നടത്താന്‍ കഴിയാത്ത സ്ഥിതിവരില്ല.
നാളെ വൈകിട്ട് 6.04 നു ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലിറങ്ങുന്നതിനു മുന്നോടിയായുള്ള വിവിധ പ്രക്രിയകള്‍ പുരോഗമിക്കുകയാണ്. ലാന്‍ഡര്‍ മൊഡ്യൂളിലുള്ള ക്യാമറ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഭൂമിയില്‍നിന്നു ദൃശ്യമല്ലാത്ത ചന്ദ്രന്റെ വിദൂരവശത്തിന്റെ ചിത്രങ്ങളാണിവ. പാറകളും ഗര്‍ത്തങ്ങളും ഒഴിവാക്കി സുരക്ഷിത ലാന്‍ഡിങ് ഉറപ്പാക്കാന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്.
ചന്ദ്രോപരിതലത്തിലേക്കു ലാന്‍ഡര്‍ ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ തത്സമയം മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് അറിയിച്ചു. ലാന്‍ഡിങ്ങിന്റെ അനിമേഷന്‍ വിഡിയോയും ഗ്രാഫിക്കല്‍ വിവരങ്ങളും തത്സമയം ലഭ്യമാക്കും. അവസാനവട്ട പ്രോഗ്രാമും ഡേറ്റയും ലാന്‍ഡറിലേക്ക് ഇന്ന് അപ്ലോഡ് ചെയ്യും.
www.isro.gov.in എന്ന വെബ്‌സൈറ്റിലും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക യുട്യൂബ്, ഫെയ്‌സ്ബുക് അക്കൗണ്ടുകളിലും ഡിഡി നാഷനല്‍ ചാനലിലും തത്സമയം കാണാന്‍ കഴിയും.
ചന്ദ്രയാന്‍3 ദൗത്യത്തിന്റെ ചന്ദ്രനിലെ ലാന്‍ഡിങ്ങിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങള്‍ നിര്‍ണായകമാണ്. നിലവില്‍ ചന്ദ്രനു ചുറ്റും ഭ്രമണം നടത്തുന്ന ലാന്‍ഡര്‍ മൊഡ്യൂളും ചന്ദ്രോപരിതലവുമായുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമാണ്. നാളെ വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് വിക്രം ലാന്‍ഡര്‍ താഴ്ത്താനാരംഭിക്കും. അതിനു മുന്‍പുതന്നെ ലാന്‍ഡറിലും റോവറിലുമുള്ള ഉപകരണങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പാക്കും. 20 മിനിറ്റ് കൊണ്ട് ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊടും.
ലാന്‍ഡര്‍ മൊഡ്യൂളില്‍ 4 ത്രസ്റ്ററുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം വീപരീതദിശയില്‍ ജ്വലിപ്പിച്ചാണ് വേഗം കുറയ്ക്കുന്നത്. തുടക്കത്തില്‍ റഫ് ബ്രേക്കിങ് നടത്തി വേഗം ഗണ്യമായി കുറയ്ക്കണം. തുടര്‍ന്ന് ഫൈന്‍ ബ്രേക്കിങ്ങിലൂടെ സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തില്‍ ലാന്‍ഡര്‍ ഇറക്കുകയാണു ലക്ഷ്യം. ഇതിനുള്ള പ്രോഗ്രാം ഇന്നു ലാന്‍ഡറിലേക്ക് അപ്ലോഡ് ചെയ്യും.
ചന്ദ്രപ്രതലത്തിലേക്ക് ഇറങ്ങാനാരംഭിച്ചാല്‍ ലാന്‍ഡറിനെ ഭൂമിയില്‍നിന്നു നേരിട്ടു നിയന്ത്രിക്കാനാകില്ല. കൃത്രിമ സാഹചര്യം സൃഷ്ടിച്ചു (സിമുലേഷന്‍) തയാറാക്കിയ ഡേറ്റ അപ്ലോഡ് ചെയ്താണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലാന്‍ഡ് ചെയ്യുന്ന ഓരോ നിമിഷത്തെയും വിവരങ്ങള്‍ അപ്പപ്പോള്‍ കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കും.
റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25ന്റെ പരാജയം ചന്ദ്രയാനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി. ഇത്തവണ ചന്ദ്രയാന്‍ ദൗത്യം വിജയിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും പറഞ്ഞു. ചന്ദ്രനിലേക്കുള്ള ദൗത്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ മത്സരമുണ്ടായിരുന്നില്ലെന്നും 2008 ല്‍ തന്നെ റഷ്യ തയാറാക്കിയ ദൗത്യമായിരുന്നു ലൂണ 25 എന്നും മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha





















