വീണ്ടും ഗവര്‍ണര്‍ ഞെട്ടിക്കും... നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍; ഓണത്തിന് ഗവര്‍ണറെ ക്ഷണിച്ച് സമാധാനത്തിന്റെ പാതയിലേക്ക്; ഇനിയെല്ലാം ഗവര്‍ണര്‍ക്ക് തീരുമാനിക്കാം

കഴിഞ്ഞ തവണ ഗവര്‍ണറെ ഓണം മലയാളികള്‍ക്ക് മറക്കാന്‍ പറ്റില്ല. എല്ലാം ഓര്‍മ്മയില്‍ നില്‍ക്കെ ഇത്തവണത്തെ ഓണത്തില്‍ ഗവര്‍ണര്‍ കുടുംബ സമേതമെത്തും. അതിനിടെ നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. ഗവര്‍ണറുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യാമെന്നായിരുന്നു നിയമോപദേശം. ഇതില്‍ തിരക്കിട്ട് നടപടി വേണ്ടെന്നാണ് തീരുമാനം.
മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ഓണക്കോടിയുമായി ശനിയാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണറെ ഓണാഘോഷത്തിന് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാവിലെ ചീഫ്‌സെക്രട്ടറി ഡോ. വി. വേണു ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു ദൗത്യം.
പി.എസ്.സി അംഗങ്ങളായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടു പേരുടെ നിയമനം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ല. ലോകായുക്ത നിയമഭേദഗതി, ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങി നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നു. കേരള, കാലിക്കറ്റ് സര്‍വകലാശാല സെനറ്റുകളിലേയ്ക്ക് 16 പേരെ വീതം ഗവര്‍ണര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യണം. മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്റെ താത്പര്യം പരിഗണിക്കുമായിരുന്നു. ഇത് ഉറപ്പാക്കേണ്ടതും ആവശ്യമാണ്.
മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ ആഗസ്റ്റ് 9ന് തീരുമാനിച്ചെങ്കിലും നിയമനം സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് നിയമനം ശുപാര്‍ശ ചെയ്തത്. മണികുമാര്‍ ചീഫ് ജസ്റ്റിസായിരുന്നപ്പോള്‍ നിര്‍ണായക കേസുകളില്‍ സര്‍ക്കാരിനെ വഴിവിട്ട് സഹായിക്കുകയും, ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി നിലപാടുകള്‍ കൈക്കൊള്ളുകയും ചെയ്‌തെന്ന് ആരോപണമുണ്ട്.
ഇതിനുള്ള പാരിതോഷികമാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പദവിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റിയുടെയും പരാതികള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.
ഗവര്‍ണറുടെ മനസറിഞ്ഞ ശേഷം മണികുമാറിന്റെ നിയമന ശുപാര്‍ശ രാജഭവനിലെത്തിക്കാനാണ് നീക്കം. ഗവര്‍ണര്‍ കടുത്ത നിലപാടെടുത്താല്‍ മണികുമാറിനെക്കൊണ്ട് വിസമ്മതം എഴുതി വാങ്ങി വീണ്ടും കമ്മിറ്റി ചേര്‍ന്ന് പുതിയൊരാളെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി ശുപാര്‍ശ ചെയ്യും. മലയാളിയും ചത്തീസ്ഗഡ് മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനാണ് പരിഗണനയില്‍.
അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കാന്‍ ധനവകുപ്പിന്റെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഈ നിര്‍ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശബളത്തില്‍ നിന്ന് പലിശസഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ട്രഷറി നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കുന്നതിന് പ്രത്യേക അനുമതി തേടമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയിത് പത്തുലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകള്‍ക്ക് പണം ട്രഷറിയില്‍ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
"
https://www.facebook.com/Malayalivartha





















