വീടാക്രമണക്കേസില്‍ ദൃക്‌സാക്ഷിയെ തലസ്ഥാന ജില്ലാ കോടതി വളപ്പില്‍ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു.. ആക്രമണ കാരണം സാക്ഷി പറയാന്‍ വന്നതിലുള്ള വൈരാഗ്യം

ഭവനഭേദനം നടത്തിയുള്ള വീടാക്രമണക്കേസില്‍ സാക്ഷിമൊഴി നല്‍കാനെത്തിയ ദൃക്‌സാക്ഷിയെ തലസ്ഥാന ജില്ലാ കോടതി വളപ്പില്‍ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. 2014 ല്‍ പേരൂര്‍ക്കട സ്വദേശിയെ വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും വീട്ടു സാമഗ്രികള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ജോസ് മകന്‍ റിട്ടയേഡ് ട്രഷറി ഉദ്യോഗസ്ഥന്‍ വിമല്‍ ജോസാണ് കേസിലെ ഒന്നാം സാക്ഷി സന്ദീപിനെ കുത്തിയത്.
തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ രാവിലെ 11 മണിക്ക് കേസ് വിളിച്ചപ്പോള്‍ ഒന്നാം പ്രതി വിമല്‍ ജോസും രണ്ടാം പ്രതി മൈക്കികിള്‍ മകന്‍ ജാസഫും പ്രതിക്കൂട്ടില്‍ കയറി നിന്നു. വീടാക്രമണക്കേസില്‍ ഒന്നാം സാക്ഷിയായ സന്ദീപും ഹാജരായി. എന്നാല്‍ പ്രതികള്‍ തങ്ങളുടെ അഭിഭാഷകന് സുഖമില്ലാത്തതിനാല്‍ ഹാജരില്ലെന്നും കേസ് മറ്റൊരു തീയതിക്ക് അവധി മാറ്റിത്തരണമെന്നും ബോധിപ്പിച്ചു.
അപേക്ഷ അനുവദിച്ച മജിസട്രേട്ട് കെ.ജി.രവിത പ്രതികളും സാക്ഷി സന്ദീപും സെപ്റ്റംബര്‍ 29 ന് വിചാരണക്ക് ഹാജരാകണമെന്ന് നിര്‍ദേശിച്ച് കേസ് 29 ലേക്ക് മാറ്റി വച്ചു. തുടര്‍ന്ന് ഇരുകക്ഷികളും കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് സന്ദീപിനെ ശരീരത്തിന്റെ പിന്‍ഭാഗത്ത് കത്തികൊണ്ട് കുത്തിയത്. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് ആക്രമണ കാരണം.
പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുന്‍ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂര്‍ സ്വദേശിയുമായ വിമലിനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















