ചേർത്തല കോടതി വളപ്പിൽ പോലീസുകാരൻ നോക്കി നിൽക്കെ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും, അമ്മായിയമ്മയും:- വാക്ക് തർക്കം, കയ്യാങ്കളിയിലേയ്ക്ക് എത്തിയത് രണ്ട് കുട്ടികളെയും ഭർത്താവിനെ ഏൽപ്പിക്കാൻ ഭാര്യ തയ്യാറാകാതെ വന്നതോടെ...
പോലീസുകാരൻ നോക്കി നിൽക്കെ കോടതി വളപ്പിൽ വച്ച് യുവതിക്ക് ക്രൂരമർദ്ദനം. ഭർത്താവും, ഭർത്തൃമാതാവും ചേർന്നാണ് യുവതിയെ വളഞ്ഞിട്ട് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചേർത്തല കോടതിയിലാണ് സംഭവം നടന്നത്. മർദ്ദനത്തിനിരയായ യുവതിയും ഭർത്താവും വിവാഹ മോചന ഹർജി നൽകിയിരുന്നു. ഈ ഹർജിയിലെ ഇടക്കാല ഉത്തരവ് അനുസരിച്ച് കോടതി വളപ്പിൽ വച്ച് ഇവരുടെ രണ്ട് കുട്ടികളെയും ഭർത്താവിനെ ഏൽപ്പിക്കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതിനായാണ് രണ്ട് കുടുംബങ്ങളും കോടതിയിൽ എത്തിയത്. പക്ഷെ കുട്ടികളെ കൈമാറാൻ യുവതി സമ്മതിച്ചില്ല.
ഇതിനെത്തുടർന്നുണ്ടായ വാക്ക് തർക്കമാണ് കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. ഭർത്താവും, ഭർതൃ മാതാവും, സഹോദരിയും ചേർന്നാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവതിയുടെ വയറ്റിലും, മുഖത്തും ഭർത്താവ് ചവിട്ടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പോലീസുകാരൻ നോക്കി നിൽക്കെയായിരുന്നു കൂട്ടം ചേർന്നുള്ള ആക്രമണം. എന്നാൽ പോലീസ് പറയുന്നത് ഇത് ഇവർ സ്ഥിരം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണെന്നും, നാലോളം കേസുകൾ ഇവർ പരസ്പ്പരം പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ടെന്നും പറയുന്നു.
മർദ്ദിച്ചതിന് നേരത്തെ മുതൽ കേസ് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ പോലീസ് ഇടപെടാതിരുന്നതെന്നാണ് പോലീസ് നൽകിയ വിശദീകരണം.
കുട്ടികളെ കൈമാറാൻ യുവതി ഇതുവരെ തയ്യാറായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha