ലാപ് ടോപ്പിൽ സിനിമ കണ്ടതല്ലാതെ മറ്റ് തെറ്റുകളൊന്നും ചെയ്തിട്ടില്ല:- കുറയെ പ്രയാസങ്ങൾ ഉണ്ട്: അത് എല്ലാവരോടും പറയാൻ പറ്റുമോ എന്ന് അറിയില്ല:- ഞെട്ടിച്ച് പതിനാലുകാരന്റെ ആത്മഹത്യാക്കുറിപ്പ്...
ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടെ നിയമ നടപടി നേരിടുമെന്ന വ്യാജ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് 14 വയസുകാരന്‍ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പേരിലാണ് കൗമാരക്കാരന് വ്യാജ സന്ദേശം എത്തിയത്. ഇതിനെ തുടർന്നാണ് ചേവായൂർ സ്വദേശി ആദിനാഥൻ ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കിയത്. സിനിമ കാണുന്നതിനിടെ 33,000 രൂപ പിഴയടക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ലഭിച്ച സന്ദേശം.
ആദിനാഥിന്റെ മരണത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നൽകുകയായിരുന്നു. ആദിയുടെ ആത്മഹത്യ കുറിപ്പില്‍ വ്യാജ സന്ദേശത്തെ കുറിച്ച് ബന്ധുക്കള്‍ക്ക് സൂചന ലഭിച്ചിരുന്നു. ഒരു വെബ്സൈറ്റില്‍ നിന്ന് പോലീസിന്റെ സന്ദേശമെത്തിയെന്നും തന്റെ പേരില്‍ കേസുണ്ടെന്നും പിഴ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.
ലാപ്ടോപ്പില്‍ സിനിമ കണ്ടതല്ലാതെ താന്‍ മറ്റ് തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയുടെ ലാപ്ടോപ്പ് പൊലീസ് പരിശോധിച്ചു. ഒരു വെബ്സൈറ്റില്‍ ലാപ്ടോപ്പ് ലോക്ക് ആയിട്ടുണ്ടെന്നും പിഴ അടച്ചില്ലെങ്കിൽ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരുമെന്നും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ഉടൻ ആളുകളെത്തുമെന്നും പറഞ്ഞ് വിദ്യാർഥിയെ എല്ലാ വിധത്തിലും ഭയപ്പെടുത്തുന്ന രീതിയിലാണു തട്ടിപ്പുകാർ സന്ദേശം അയച്ചത്.
ഇതിനു പിന്നാലെയാണ് സിനിമ കണ്ടതല്ലാതെ ഞാൻ വേറെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കുറിപ്പ് തയാറാക്കിയ ശേഷം വിദ്യാർഥി ജീവനൊടുക്കിയത്. തനിക്ക് കുറേ പ്രയാസങ്ങൾ ഉണ്ടെന്നും അത് എല്ലാവരോടും പറയാൻ പറ്റുമോ എന്നറിയില്ലെന്നുമുള്ള ഏതാനും വാചകങ്ങളും ആത്മഹത്യാ കുറിപ്പിലുണ്ട്.
ഈ സാഹചര്യത്തിൽ ആത്മഹത്യക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയുടെ ലാപ്ടോപാണ് വിദ്യാർത്ഥി ഉപയോഗിച്ചിരുന്നത്. എൻസിആർബിയുടെ പേരിലുള്ള വ്യാജ സൈറ്റിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഭീഷണിസന്ദേശം എത്തിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha