പരിചയപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ഡോക്ടറുടെ മുറിയിൽ എത്തി:- വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് ഗൂഗിൾപേ വഴി പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു:- ഡൽഹിയിലേക്ക് രക്ഷപ്പെടാൻ പദ്ധതി... ഒടുവിൽ എല്ലാം പോലീസ് പൊളിച്ചു...
ലോഡ്ജിൽ വെച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വെച്ച് മുഹമദ് അനസ് ഇ.കെ, ഷിജിൻദാസ് എൻ.പി, അനു കൃഷ്ണ (24) എന്നിവരാണ് ഡോക്ടറെ വടിവാൾ കാണിച്ച് കവർച്ച നടത്തിയത്.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിങ്കളാഴ്ച ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി മുറിയിൽ എത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. കൈയിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ഗൂഗിൾപേ വഴി 2500 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.
അനസും അനുവും തമ്മിൽ പരിചയത്തിലായിട്ട് ആറ് മാസമായതായാണ് വിവരം. ഇവർ ലഹരി മരുന്നിന് അടിമയായിരുന്നു. മയക്കുമരുന്ന് വാങ്ങാൻ വേണ്ടി പണം കണ്ടെത്താനാണ് കവർച്ച നടത്തിയതെന്നാണ് വിവരം. പോലീസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അനസും അനുവും ഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവർ പോലീസിന്റെ വലയിലായി. ഇവർ ഉപയോഗിച്ച ബൈക്ക് മൊബൈൽ ഫോണുകൾ, വടിവാളുകൾ പോലീസ് കണ്ടെടുത്തു.
ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും, കോഴിക്കോട് ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha