കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടകന്‍ ട്രേഡ് യൂണിയന്‍ നേതാവ്;പാര്‍ട്ടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധം തീര്‍ത്ത നേതാവ്,ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി,വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്,ഇടതുപക്ഷത്തിനും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച ത്യാഗധനനായ നേതാവായിരുന്നു ആനത്തലവട്ടമെന്നും കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്
തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു സഖാവ്. തൊഴിലാളികളുടെ പൊതുവിലും, കയര്‍തൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുക്കുന്നതിലും അതിന് വിപുലമായ ജനസ്വീകാര്യത ഉണ്ടാക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യം ഉള്ളതാണ്.
സി ഐ ടി യുവിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍, ആശയപ്രചാരകന്‍, പ്രഭാഷകന്‍, സംഘാടകന്‍ എന്നിങ്ങനെ നിരവധി തലങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് തൊഴിലാളികളുടെയും ജനങ്ങളുടെയാകെയും ഐക്യം ഊട്ടിയുറപ്പിക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും മറ്റ് വിവിധ ചുമതലകള്‍ വഹിച്ചും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. സി പി ഐ (എം) രൂപീകരണഘട്ടത്തില്‍ ആശയ വ്യക്തത വരുത്തുന്നതിലും നയവ്യതിയാനങ്ങള്‍ക്കെതിരെ പൊരുതി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും വഹിച്ച പങ്കും അവിസ്മരണീയമാണ്. അടിയന്തരാവസ്ഥക്കാലത്ത് ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞ അദ്ദേഹത്തിന് ജയില്‍വാസം അനുഷ്ഠിക്കേണ്ടതായും വന്നു.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തുകൂടി നേത്യത്വം നല്‍കിയ ജാഥ സഖാവ് ആനത്തലവട്ടത്തിന്റെ സംഘാടക മികവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നായി. 1954 ല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്ക് മുതലിങ്ങോട്ട് കയര്‍ തൊഴിലാളി സമരങ്ങളില്‍ സജീവമായിരുന്നു സഖാവ്. കയര്‍ അപെക്‌സ് ബോര്‍ഡിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം കയര്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു. തൊഴിലാളിയുടെ ശബ്ദം നിയമസഭാ വേദിയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് മാതൃകാപരമാണ്. സഭയിലെ സംവാദമായാലും പൊതുഇടങ്ങളിലെ പ്രക്ഷോഭമായാലും തന്റെ ഇടപെടലുകളെ ആകെ സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. സഖാവിന്റെ പാര്‍ട്ടി പഠന ക്ലാസുകള്‍ ഒരു പാഠപുസ്തകത്തില്‍ എന്നതുപോലെ പാര്‍ട്ടിപ്രവര്‍ത്തകരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതായിരുന്നു. മാര്‍ക്‌സിസംലെനിനിസത്തെ പറ്റിയുള്ള ഉള്ള അറിവ് അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയങ്കരനായ അധ്യാപകന്‍ ആക്കി മാറ്റി.
പാര്‍ട്ടി ആക്രമിക്കപ്പെടുന്ന ഘട്ടത്തിലെല്ലാം പൊതുവേദികളിലും മാധ്യമങ്ങളിലും അവശത മാനിക്കാതെപോലും ചെന്നുനിന്ന് അതിശക്തമായ പ്രതിരോധവും പ്രത്യാക്രമണവും നടത്താനുള്ള സഖാവ് ആനത്തലവട്ടത്തിന്റെ കഴിവും സന്നദ്ധതയും എടുത്തുപറയേണ്ടതാണ്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റില്‍ അടക്കം ഒരുമിച്ച് പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ സഖാവിന്റെ തെളിമയുള്ള കാഴ്ചപ്പാടുകളും സംഘടനപാടവവും നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായ നിലയില്‍ വളരെ പ്രിയപ്പെട്ട ഒരു സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആക്രമണത്തിനിരയായ ഘട്ടങ്ങളിലൊക്കെ പാര്‍ട്ടിയുടെ ശരിയായ നിലപാട് ജനങ്ങളിലെത്തിക്കാനും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ആനത്തലവട്ടം സജീവമായി ഇടപെട്ടിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിന് ആകെയും ഇടതുപക്ഷപ്രസ്ഥാനത്തിനും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും വിശേഷിച്ചും കനത്ത നഷ്ടമാണ് സഖാവിന്റെ വിയോഗം മൂലം ഉണ്ടായിരിക്കുന്നത്. ആ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.
https://www.facebook.com/Malayalivartha























