ബെറ്റിങ് ആപ്പ് കേസ് മറ്റൊരു വഴി... തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളില്‍ ഇ.ഡി, ഐടി റെയ്ഡ്; അതിനിടെ മഹാദേവ് ബെറ്റിങ് ആപ്പ് കേസും ഇ.ഡി. ശക്തമാക്കുന്നു; കൂടുതല്‍ ബോളിവുഡ് പ്രമുഖരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി.

കുറച്ച് ദിവസങ്ങളിലായി ഇ.ഡി. വാര്‍ത്തകളില്‍ നിറയുകയാണ്. പ്രതിപക്ഷം ഭരിക്കുന്ന തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഒരേദിവസം കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി. അതതു സംസ്ഥാനങ്ങളിലെ ഭരണകക്ഷി നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി), ആദായനികുതി വകുപ്പും പരിശോധന നടത്തിയത്.
പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നു പ്രതിപക്ഷം ആരോപിച്ചു. നിയമം അതിന്റെ വഴിക്കുപോകുമെന്ന നിലപാടുമായി കേന്ദ്രവും രംഗത്തിറങ്ങിയതോടെ ഭരണ, പ്രതിപക്ഷ പോര് മൂര്‍ച്ഛിച്ചു. 'ന്യൂസ്‌ക്ലിക്' പോര്‍ട്ടലിന്റെ എഡിറ്ററടക്കം 2 പേരെയും ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിനെയും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതല്‍ ബോളിവുഡ് പ്രമുഖരിലേക്ക്. നടന്‍ രണ്‍ബീര്‍ കപൂറിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള സമന്‍സ് അയച്ചതിന് പിന്നാലെയാണ് കൂടുതല്‍ താരപ്രമുഖരിലേക്ക് ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. അതേസമയം ഇ.ഡിക്ക് മുമ്പാകെ ഹാജരാകാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് രണ്‍ബീര്‍.
നടനും അവതാരകനുമായ കപില്‍ ശര്‍മ, നടിമാരായ ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നിവര്‍ക്കാണ് ഇ.ഡി. പുതുതായി സമന്‍സ് അയച്ചിരിക്കുന്നത്. ഇവരോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മഹാദേവ് ആപ്ലിക്കേഷന് പ്രചാരണം നല്‍കി എന്നതാണ് ഹുമയ്ക്കും ഹിനയ്ക്കും സമന്‍സ് അയക്കാന്‍ കാരണം. ആപ്ലിക്കേഷന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം യു.എ.ഇയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തതാണ് കപില്‍ ശര്‍മയെ അന്വേഷണസംഘം വിളിപ്പിക്കാന്‍ കാരണം.
അതേസമയം മൂവരും ഇ.ഡി. നടപടിയോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് രണ്‍ബീര്‍ കപൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചത്തെ
സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച അന്വേഷണോദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകണമെന്നായിരുന്നു രണ്‍ബീറിനോട് ആവശ്യപ്പെട്ടിരുന്നത്. മഹാദേവ് ആപ്പിന് പ്രചാരം നല്‍കുകയും ഇതിന് ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്തു എന്നതാണ് രണ്‍ബീറിനെ ഇ.ഡിയുടെ സംശയമുനയിലാക്കിയത്.
അനധികൃത വാതുവെപ്പു വെബ്‌സൈറ്റുകള്‍ സജ്ജീകരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ സഹായിക്കുകയാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷന്‍. കഴിഞ്ഞ മാസമാണ് ഇ.ഡി. മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിങ് കേസുമായി ബന്ധപ്പെട്ട് 417 കോടി രൂപ മൂല്യമുള്ള വസ്തുവകകള്‍ പിടിച്ചെടുത്തത്. ഛത്തീസ്ഗഢിലെ ഭിലായില്‍നിന്നുള്ളവരാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷന്റെ പ്രൊമോട്ടര്‍മാര്‍.
ഇന്നലെ തമിഴ്‌നാടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. വിദേശത്ത് അനധികൃത നിക്ഷേപം നടത്തി നികുതി വെട്ടിച്ചെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ എസ്.ജഗത്രക്ഷകന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ജഗത്രക്ഷകന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബ്രൂവറി, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ എഴുപതിലേറെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. താംബരം ഡപ്യൂട്ടി മേയറും ഡിഎംകെ നേതാവുമായ കാമരാജിന്റെ വീട്ടിലും പരിശോധന നടത്തി.
കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അനുയായിയും കോണ്‍ഗ്രസ് നേതാവുമായ ആര്‍.എം.മഞ്ജുനാഥ് ഗൗഡയുടെ വീട്ടിലും ഫാം ഹൗസിലും ഇ.ഡി റെയ്ഡ്.
ബംഗാളില്‍ തൃണമൂല്‍ നേതാവും ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുമായ രഥിന്‍ ഘോഷിന്റെ വീടും ഓഫിസുമടക്കം 13 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി.
തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ മാഗന്തി ഗോപിനാഥിന്റെയും ബന്ധുക്കളായ ബിസിനസുകാരുടേതും ഉള്‍പ്പെടെ ഹൈദരാബാദില്‍ നൂറിലേറെ സ്ഥലങ്ങളില്‍ ആദായനികുതി റെയ്ഡ് നടത്തി.
" f
https://www.facebook.com/Malayalivartha























