ലോക്ഡൗണ്‍ മൂലം വിനോദയാത്ര നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ബുക്കിംഗ് തുക തിരിച്ചുനല്‍കിയില്ലെന്ന് പരാതി... ബുക്കിങ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊവിഡ് കാലമായതിനാല്‍ ബുക്ക് ചെയ്ത വിനോദയാത്ര നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ബുക്കിംഗ് തുക തിരിച്ചുനല്‍കാത്ത ടൂര്‍ ഓപ്പറേറ്ററുടെ നടപടി അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. നഷ്ടപരിഹാരമായി 71,000 രൂപ ഉപഭോക്താവിന് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കോവിഡ് വ്യാപനം പോലെയുള്ള അസാധാരണമായ സാഹചര്യങ്ങളില്‍ അനുകമ്പയും നീതിയുക്തമായ പരിഹാരവും ഉപഭോക്താക്കളോട് പ്രദര്‍ശിപ്പിക്കണമെന്ന് ഡി.ബി. ബിനു അധ്യക്ഷനും മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍,ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന ബഞ്ച് നിരീക്ഷിച്ചു. ബുക്കിംഗ് തുകയായ 46 ,200 രൂപയും 20,00 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനുള്ളില്‍ ഉപഭോക്താവിന് നല്‍കണമെന്ന് എതിര്‍ കക്ഷിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
എറണാകുളം, തൃപ്പൂണിത്തുറ സ്വദേശി കെ കെ ഗോകുലനാഥന്‍ ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്യൂണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നല്‍കിയത്. പരാതിക്കാരനും ഭാര്യയും 2020 ഫെബ്രുവരി മാസത്തില്‍ സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ പോകുന്നതിനു വേണ്ടിയാണ് ടൂര്‍ ബുക്ക് ചെയ്തത്.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യം ആയതിനാല്‍ യാത്ര ചെയ്യേണ്ടെന്ന് പിന്നീട് പരാതിക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ബുക്കിംഗ് തുക തിരിച്ചു നല്‍കാന്‍ എതിര്‍കക്ഷികള്‍ തയ്യാറായില്ല. മറ്റുള്ളവര്‍ ടൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും കൃത്യമായ കാരണമില്ലാതെ പരാതിക്കാര്‍ ഏകപക്ഷീയമായാണ് യാത്ര റദ്ദാക്കിയതെന്നുമാണ് എതിര്‍കക്ഷിയുടെ വാദം.
2020 നവംബറില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം കൊവിഡ് കാലത്ത് ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി ഉത്തരവില്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha