തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി; കെ രാധാകൃഷ്ണന് വോട്ട് ചെയ്യണം
തെരഞ്ഞെടുപ്പ് അടുക്കും തോറും ആരോപണങ്ങളും പരാതികളും ഉയരുകയാണ്. സിനിമാ നടന് ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. എന്‍ഡിഎ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന് ബ്രാന്റ് അംബാസിഡറായ ടൊവിനോ യുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും കുറ്റപ്പെടുത്തുന്ന പരാതിയില്‍ ചട്ടലംഘനം നടത്തിയ സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയണമെന്നും ആവശ്യപ്പെടുന്നു. ടൊവിനോയുടെ ഒപ്പമുള്ള ഫോട്ടോ തൃശ്ശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് എടുത്തതാണെന്നും ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു എന്നുമാണ് വിഎസ് സുനില്‍ കുമാര്‍ പ്രതികരിച്ചത്.
ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതില്‍ തൃപ്തരാകാതെയാണ് ഇപ്പോള്‍ എന്‍ഡിഎ ക്യാമ്പ് പരാതിയുമായി കളക്ടറെ സമീപിച്ചിരിക്കുന്നത്. ഫോട്ടോ വിവാദമായതിന് പിന്നാലെ ഇക്കാര്യത്തില്‍ ടൊവിനോയും പ്രതികരിച്ചിരുന്നു. 'എല്ലാ ലോക്സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍' എന്ന് വ്യക്തമാക്കിയ പ്രതികരണത്തില്‍ താന്‍ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP (Systematic Voters Education and Electoral Participation) അംബാസ്സഡര്‍ ആയതിനാല്‍ തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ഏവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു എന്നുമായിരുന്നു പ്രതികരണം.
വിവാദങ്ങള്‍ക്കിടെ ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യര്‍ത്ഥന. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നുണ്ട്.
കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറയുന്നു. താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരിക്കുമ്പോള്‍ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണന് പരിചിതനെന്നും കലാമണ്ഡലം ഗോപി വീഡിയോയില്‍ പറയുന്നു.
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മകന് രഘുവിന്റെ ആരോപണം വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടര്‍ നിര്‍ബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകന് രഘുഗുരുകൃപ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.
പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആശാന് പത്മ വിഭൂഷണ്‍ വേണ്ടേ എന്ന് ചോദിച്ചതായും മകന് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha