വിമര്‍ശനം കടുക്കുന്നു... ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ വീണ്ടും പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്; ചെറിയ വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടയ്ക്കൊന്നു പതറിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്
ഹാര്‍ദിക് പാണ്ഡ്യയെ വലിയ പ്രതീക്ഷയോടെയാണ് വമ്പന്‍ വില കൊടുത്ത് സ്വീകരിച്ച് ക്യാപ്റ്റനാക്കിയത്. എന്നാല്‍ ലോക പരാജയമായി മാറി. തുടര്‍ച്ചയായ പരാജയം വലിയ വിമര്‍ശനങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
മുംബൈ ഇന്ത്യന്‍സിനെതിരെ നാല് വിക്കറ്റിനാണ് ലക്നൗവിന്റെ ജയം. മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറിലാണ് ലക്നൗ മറികടന്നത്. അര്‍ധസെഞ്ചറി നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് (45 പന്തില്‍ 62), ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ (22 പന്തില്‍ 28) എന്നിവരുടെ ബാറ്റിങ്ങാണ് ലക്നൗ വിജയത്തില്‍ നിര്‍ണായകമായത്.
ഇതോടെ പത്തു മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി ലക്നൗ മൂന്നാം സ്ഥാനത്തായി. സീസണിലെ മുംബൈയുടെ ഏഴാം തോല്‍വിയാണിത്; തുടര്‍ച്ചയായ മൂന്നാം തോല്‍വിയും. മറുപടി ബാറ്റിങ്ങില്‍, ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ആര്ഷിന് കുല്‍ക്കര്‍ണിയെ (പൂജ്യം) പുറത്താക്കി നുവാന്‍ തുഷാര ലക്നൗവിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രാഹുല്‍ സ്റ്റോയിനിന് സഖ്യം ലക്നൗവിനെ പതറാതെ മുന്നോട്ടു നയിച്ചു.
ഇരുവരും ചേര്‍ന്ന് 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ടാം ഓവറിലാണ് രാഹുല്‍ പുറത്തായത്. ഇതിനുശേഷം സ്റ്റോയിനിന് പൂര്‍ണമായും ഉത്തരവാദിത്വം ഏറ്റെടുത്തു. രണ്ടു സിക്സും ഏഴു ഫോറും അടങ്ങുതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിങ്സ്. എന്നാല്‍ അടുത്തടുത്ത ഓവറില്‍ ദീപക് ഹൂഡയും (18 പന്തില്‍ 18) സ്റ്റോയിനിസും പുറത്തായതോടെ ലക്നൗ പതറി. ക്രീസിലെത്തിയ നിക്കോളസ് പുരാന് (14 പന്തില്‍ 14*), ആഷ്ടണ്‍ ടര്‍ണര്‍ (9 പന്തില്‍ 5) എന്നിവര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതാണ് ലക്നൗവിനെ കുഴക്കിയത്.
ടര്‍ണറും പിന്നീടെത്തിയ ആയുഷ് ബദോനിയും (6 പന്തില്‍ 6) പെട്ടെന്ന് മടങ്ങിയതോടെ ലക്നൗ അപകടം മണത്തു. എന്നാല്‍ അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെ (1 പന്തില്‍ 1*) കൂട്ടുപിടിച്ച് പുരാന് ലക്നൗവിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അടങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയെ ലോകകപ്പ് ടീം പ്രഖ്യാപിച്ച ദിവസം തന്നെ എറിഞ്ഞിട്ട് ടീമിലിടം ലഭിക്കാത്ത കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ലക്നൗ സൂപ്പര്‍ ജയന്റ്സ്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നേഹല്‍ വധേര (41 പന്തില്‍ 46), ടിം ഡേവിഡ് (18 പന്തില്‍ 35*), ഇഷാന് കിഷന് (36 പന്തില്‍ 32) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. ലക്നൗവിനായി മുഹ്സിന് ഖാന് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ്, നവീന്‍ ഉള്‍ഹഖ്, മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംൈബയ്ക്ക് ഇന്നിങ്സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മയെ (5 പന്തില്‍ 4) നഷ്ടപ്പെട്ടു. ലോകകപ്പ് ടീമിന്റെ ക്യാപ്റ്റന്‍ പുറത്തായതിനു പിന്നാലെയെത്തിയത് മറ്റൊരു ലോകകപ്പ് താരമായ സൂര്യകുമാര്‍ യാദവ്. ഒരു സിക്സര്‍ അടിച്ചെങ്കിലും മൂന്നാം ഓവറില്‍ സൂര്യകുമാറിനെ സ്റ്റോയിനിസ് രാഹുലിന്റെ കൈകളില്‍ എത്തിച്ചു.ആറു പന്തില്‍ 10 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം. പിന്നാലെയത്തിയ തിലക് വര്‍മ (11 പന്തില്‍ 7) റണ്ണൗട്ടായി. തൊട്ടടുത്ത പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സംപൂജ്യനായി മടങ്ങി. ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ച ദിവസം ഗോള്‍ഡന്‍ ഡക്കായി മടങ്ങാനായിരുന്നു ഹാര്‍ദിക്കിന്റെ വിധി.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 28ന് 4 എന്ന ദയനീയ സ്ഥിതിയിലായിരുന്നു മുംബൈ. ഈ ഐപിഎല്‍ സീസണിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ പവര്‍പ്ലേ സ്കോറാണിത്. ഹൈദരാബാദിനെതിരെ പഞ്ചാബ് കുറിച്ച് 27/3 ആണ് സീസണിലെ ഏറ്റവും ചെറിയ പവര്‍പ്ലേ സ്കോര്‍. അഞ്ചാം വിക്കറ്റില്‍ ഇഷാന് കിഷന് നേഹല്‍ വധേര കൂട്ടുകെട്ടാണ് മുംബൈയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14ാം ഓവറില്‍ ഇഷാനെ പുറത്താക്കി ബിഷ്ണോയ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. ഇതിനുശേഷമെത്തിയ ടിം ഡേവിഡ് ആണ് മുംബൈ നിരയില്‍ കുറച്ചെങ്കിലും ആക്രമിച്ചു കളിച്ചത്. 18ാം ഓവറില്‍ വധേര, 19ാം ഓവറില്‍ മുഹമ്മദ് നബി (2 പന്തില്‍ 1) എന്നിവരുടെ വിക്കറ്റ് കൂടി മുംബൈയ്ക്ക് നഷ്ടമായി. ജെറാള്‍ഡ് കോട്ട്സെ (2 പന്തില്‍ 1*) പുറത്താകാതെ നിന്നു.
"
https://www.facebook.com/Malayalivartha