ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

ഇരട്ട ചക്രവാതച്ചുഴിയെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും. റെഡ് അലര്‍ട്ട് പത്തനംതിട്ട ജില്ലയിലും ഓറഞ്ച് അലര്‍ട്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം തൃശൂര്‍ ജില്ലയില്‍ ദുരന്തനിവാരണ പ്രതിരോധത്തിന്റെ ഭാഗമായി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത അറിയുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ നിര്‍ദേശം. കാലവര്‍ഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചേമ്പറില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
ചാലക്കുടി, ചാവക്കാട്, മുകുന്ദപുരം, തലപ്പിള്ളി, കൊടുങ്ങല്ലൂര്‍, കുന്നംക്കുളം, തൃശൂര്‍ താലൂക്കുകളില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ സാധ്യതയും ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കിലെ കടലോര മേഖലയിലാണ് കടല്‍ക്ഷോഭ സാധ്യതയും കണ്ടെത്തി.
മുന്‍വര്‍ഷങ്ങളില്‍ അപകടം നടന്ന പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജില്ലാതലത്തില്‍ തയാറാക്കിയ വിവരങ്ങളാണിവയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കേണ്ടതാണ്. ഇതിനായി വിവിധ പഞ്ചായത്തുകളില്‍ പ്രത്യേക സംഘം രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.
അസി. എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി/അസി. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടുന്ന സംഘം ആഴ്ചതോറും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അപകട സാധ്യത പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനും ജിയോളജി വകുപ്പിനും റിപ്പോര്‍ട്ട് ചെയ്യണം. ആവശ്യമെങ്കില്‍ പൊലീസിന്റെ സേവനവും ഉണ്ടാകുന്നതാണ്.
വനം വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും മറ്റ് സ്ഥലങ്ങളിലും അപകടസാധ്യത തോന്നുന്നവ, വിള്ളല്‍, അസാധാരണ വ്യത്യാസങ്ങള്‍ എന്നിവ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്. ദുരന്തസാധ്യതാ പ്രദേശങ്ങളുടെ താലൂക്ക്തലത്തിലുള്ള പട്ടിക തയ്യാറാക്കാനായി തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha