ഇരയ്ക്ക് നീതി ലഭിച്ചു; ഈ ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു; കോടതി മുറ്റത്ത് ജിഷയുടെ സഹോദരിയും അമ്മയും... പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി കേള്‍ക്കാൻ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു. കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനിയായ ജിഷ കൊല്ലപ്പെട്ടത്.
2017 ഡിസംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീർ ഉല്‍ ഇസ്‌ലാം കേസില്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമായിരുന്നു വിചാരണ കോടതി സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.ജിഷ വധക്കേസ്; നാൾവഴികൾ : 2016 ഏപ്രില്‍ 28 നായിരുന്നു പെരുമ്പാവൂരിൽ നിയമ വിദ്യാർഥി പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയെ കുറിച്ച് യാതൊരു സൂചനയുമില്ലാതെ പൊലീസ് ആദ്യഘട്ടത്തിൽ പ്രതിയെ കണ്ടത്താനാകാതെ വലയുകയായിരുന്നു. സംഭവ സ്ഥലം സീൽ ചെയ്യുന്നത് ഉൾപ്പടെ ആദ്യഘട്ടത്തിൽ പൊലീസിന് സംഭവിച്ച വീഴ്‌ച വലിയ വിമർശനങ്ങൾക്ക് കാരണമായി.2016ലെ നിയമസഭ തെരെഞ്ഞെടുപ്പിലടക്കം ഇതൊരു രാഷ്ട്രീയ വിഷയമായി പ്രതിപക്ഷം ഉയർത്തി കൊണ്ടുവന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹത്തിൽ കണ്ട പ്രതിയുടെ പല്ല് അടയാളം തിരിച്ചറിയാൻ നിരവധിയാളുകളെ പച്ചമാങ്ങ കടിപ്പിച്ച് വരെ പൊലീസ് അന്വേഷണം നടത്തി. സംഭവ ശേഷം പെരുമ്പാവൂർ വിട്ടുപോയ ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
ആഴ്‌ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16 നാണ് അസം സ്വദേശിയായ അമീർ ഉല്‍ ഇസ്‌ലാം പിടിയിലായത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രതിയുടെ ഡിഎൻഎ പരിശോധനയുൾപ്പടെ നടത്തി ശാസ്ത്രീയമായി സ്ഥിരീകരിച്ചാണ് പ്രതി അമീറുൽ ആണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചത്.2016 ജൂൺ 28 ന് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. കൊലപാതക ശേഷം പ്രതി ഒഴിഞ്ഞ പറമ്പിലേക്കു വലിച്ചെറിഞ്ഞ കത്തിയിലെ രക്തക്കറ നിയമ വിദ്യാർഥിനിയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. 2016 സെപ്റ്റംബർ 17 ന് കോടതിയിൽ 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഏക പ്രതി അമീർ ഉല്‍ ഇസ്‌ലാമിനെതിരെയായിരുന്നു ബലാത്സംഗം, കൊലപാതകം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.2016 നവംബർ മാസത്തിൽ എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങി. ബലാത്സംഗം ഉൾപ്പെടെ ആരോപിക്കപ്പെട്ട കേസിൽ 2017 മാർച്ചിൽ അടച്ചിട്ട കോടതി മുറിയിൽ രഹസ്യ വിചാരണ നടത്താൻ കോടതി ഉത്തരവ് നൽകി. പ്രോസിക്യൂഷൻ സാക്ഷികളായ നൂറ് പേരെ കോടതി വിസ്‌തരിച്ചു. 293 രേഖകളും 36 തൊണ്ടി മുതലുകളും പരിശോധിച്ചു. പ്രതിഭാഗം ഹാജരാക്കിയ അഞ്ച് സാക്ഷികളെയും കോടതി സാക്ഷിവിസ്‌താരം നടത്തി.2017 ഡിസംബറിൽ അന്തിമവാദം പൂർത്തിയാക്കി. പ്രതി നിയമ വിദ്യാർഥിയുടെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി അമീർ ഉല്‍ ഇസ്‌ലാമിന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha