പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... യുവതിയുടെ അമ്മയെ പ്രതി രാഹുല്‍ ഫോണില്‍ പലതവണ വിളിച്ചു; ഒത്തുതീര്‍പ്പിനില്ലെന്ന് യുവതിയുടെ പിതാവ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതിയുടെ പിതാവ്. വിവാഹത്തട്ടിപ്പിലും സ്ത്രീധന പീഡനത്തിലും ഉറച്ചു നില്‍ക്കുന്നു. സ്ത്രീധനം കുറഞ്ഞതില്‍ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും അതൃപ്തിയുണ്ടായിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ്. പക്ഷേ രാഹുലിന്റെ പശ്ചാത്തലം കൂടി അന്വേഷിക്കണം. യുവതിയുടെ അമ്മയെ രാഹുല്‍ ഫോണില്‍ പലതവണ വിളിച്ചെങ്കിലും എടുത്തില്ല.
നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പില്‍ വൈകിട്ട് 4 മണിയോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. നേരത്തെ കേസന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്.
നേരത്തെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്എച്ച്ഒയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരമേഖല ഐജിയുടെ നടപടി. സരിനെതിരെ വകുപ്പുതല നടപടികളും ഉണ്ടാവും. ഗാര്‍ഹിക പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞ പല കാര്യങ്ങളും ഗൗരവമായി എടുത്തില്ലെന്നാണ് കണ്ടെത്തല്‍. നേരത്തെ എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പൊലീസ് വീഴ്ചയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നത്. ഇതോടെ സരിന്‍ ഉള്‍പ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
അതേസമയം കേസിലെ പ്രതി രാഹുല്‍ മുന്‍പും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി തെളിവുകള്‍ പുറത്തുവന്നു. ഇയാള്‍ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ലഭിച്ചത്. ഇയാള്‍ കോട്ടയത്തും എറണാകുളത്തും വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം.രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികളാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയാണ് പരാതി. ഒടുവില്‍ രജിസ്റ്റര്‍ ചെയ്ത യുവതി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ വിവാഹ മോചനം തേടുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടും മുമ്പാണ് പറവൂരിലെ പെണ്‍കുട്ടിയുമായുള്ള വിവാഹം നടന്നത്.
https://www.facebook.com/Malayalivartha