ശ്രേയാംസ് കുമാറിനെ സി.പി.എം വഞ്ചിച്ചു: ചെറിയാൻ ഫിലിപ്പ്...
എഴുപതുകളിൽ ഇടതുമുന്നണി കൺവീനറായിരുന്ന എം.പി.വീരേന്ദ്രകുമാറിനെ ദ്രോഹിച്ച സി.പി.എം അദ്ദേഹത്തിന്റെ മകൻ എം.വി ശ്രേയാംസ് കുമാറിനെയും രാഷ്ട്രീയ ജനതാദളിനെയും ക്രൂരമായി വഞ്ചിച്ചിരിക്കുകയാണ്. രാഷ്ട്രീയ ജനതാദളിന് മന്ത്രി സ്ഥാനമോ, ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ എൽ.ഡി.എഫ് നൽകാത്തത് മുന്നണി മര്യാദയുടെ ലംഘനമാണ്. 2009 ൽ നിലവിലുണ്ടായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ലോക്സഭാ സീറ്റ് പിടിച്ചെടുത്തതും ജനതാദളിനെ എൽ.ഡി.എഫിൽ നിന്നും പുകച്ചു പുറത്താക്കിയതും സി.പി.എം ആണ്.
കോൺഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് ത്യജിച്ചാണ് വീരേന്ദ്രകുമാറിന് നൽകിയത്. പിന്നീട് സി.പി.എം നേതാക്കൾ കാലുപിടിച്ചാണ് വീരേന്ദ്രകുമാറിനെയും പാർട്ടിയേയും എൽ.ഡി.എഫിലേക്ക് ആനയിച്ചത്. വീരേന്ദ്രകുമാറിന്റെ മരണശേഷം ബാക്കിവന്ന ചുരുങ്ങിയ കാലാവധിയിൽ ശ്രേയാംസ് കുമാർ രാജ്യസഭാംഗമായെങ്കിലും, പിന്നീട് രണ്ടു തവണ ഒഴിവുവന്നപ്പോഴും അവഗണിക്കുകയാണുണ്ടായത്
എൽ.ഡി.എഫ് മന്ത്രിസഭയിൽ എല്ലാ ഘടകകക്ഷികൾക്കും മന്ത്രി സ്ഥാനം നൽകിയപ്പോൾ രാഷ്ട്രീയ ജനതാദളിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കി. നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായ കുമാരസ്വാമിയുടെ ജനതാദൾ എസിന്റെ പ്രതിനിധി ഇപ്പോഴും എൽ.ഡി.എഫ് മന്ത്രിസഭയിൽ തുടരുന്നു. ബി.ജെ.പിയുമായുള്ള സി.പി.എം അവിഹിത ബന്ധത്തിന്റെ പാലമായാണ് ജനതാദൾ എസ് പ്രവർത്തിച്ചു വരുന്നത്. ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ ജനതാദളിനെ സി പി.എം തുടർച്ചയായി ഒഴിവാക്കി കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha