'അവരുടെ പാർട്ടിക്കാർ തന്നെയാണ്... അതവര് തന്നെ തീർത്തോളും', മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ പരാമർശത്തില്‍ തുറന്നടിച്ച് സുരേഷ് ഗോപി

യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തില്‍ തുറന്നടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രംഗത്ത്. അവരുടെ പാർട്ടിക്കാർ തന്നെയാണെന്നും അതവര് തന്നെ തീർത്തോളുമെന്നും സുരേഷ് ഗോപി പറഞ്ഞു. അത് മുഖ്യമന്ത്രിയുടെ നാവാണ്. അത് മുഖ്യമന്ത്രിയുടെ ചിന്തയാണെന്നുമായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു പ്രതികരണം. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാവുമെന്നായിരുന്നു യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് കൂറിലോസിനെതിരെ മുഖ്യമന്ത്രിയുടെ പരാമർശമുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനത്തില്‍ സംസാരിക്കവേയായിരുന്നു ഇത്തരത്തിൽ പരാമർശം.
'ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകും എന്നാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്,' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം കേരളത്തിൽ തിരിച്ചെത്തിയ സുരേഷ് ഗോപി കോഴിക്കോട്ടെയും കണ്ണൂരിലെയും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നു. കോഴിക്കോട് തളി ക്ഷേത്രം , കണ്ണൂർ മാടായി കാവ്, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ സുരേഷ് ഗോപി ദർശനം നടത്തി. ഇ കെ നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ചു. ഇതിന് ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയ ശേഷം തൃശൂരിലേക്ക് മടങ്ങും. നേരത്തെയും കണ്ണൂരിലെത്തിയപ്പോൾ കല്യാശേരിയിൽ നായനാരുടെ വീട്ടിൽ സുരേഷ് ഗോപി എത്തിയിട്ടുണ്ട്. 'ഇതുപോലൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു' എന്ന അടിക്കുറിപ്പോടെയായിരുന്നു അന്ന് അദ്ദേഹം ചിത്രം പങ്കുവെച്ചത്. കണ്ണൂർ സന്ദർനത്തിന് പിന്നാലെ സുരേഷ് ഗോപി സ്വന്തം മണ്ഡലമായ തൃശൂരിലെത്തും.
കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി ചുമതലയേറ്റെടുത്തത്. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിൽ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ്സിങ് പുരി സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദേഹം വഹിക്കും.
https://www.facebook.com/Malayalivartha