പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്... കേസില്‍ നിലപാടു മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. 3 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ നിലപാടു മാറ്റിയ യുവതി ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രതികരിച്ചപ്പോള്‍, തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാടു മാറ്റാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ വീട്ടുകാരുടെ മൊഴി വടക്കേക്കര പൊലീസ് രേഖപ്പെടുത്തി. മകള്‍ സ്വന്തമായി ഇത്തരത്തില്‍ മാറ്റിപ്പറയുമെന്നു കരുതുന്നില്ലെന്നും പെണ്‍കുട്ടി രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവര്‍ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നുമാണു വിശ്വസിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
കോഴിക്കോട് പന്തീരാങ്കാവ് പീഡനക്കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി. ഗോപാല്‍ നിരപരാധിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പ് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹൈക്കോടതിയില്‍ നിന്നു നിര്‍ദേശം ലഭിച്ചാല്‍ യുവതിയില്‍ നിന്നു വീണ്ടും വിവരങ്ങള്‍ ആരാഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു പൊലീസ് അറിയിച്ചു. കേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം യുവതി നല്‍കിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ ഷമീം പക്‌സന്‍ പറഞ്ഞു. അതേസമയം, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രാഹുലിനെതിരെ നിര്‍ണായക തെളിവുണ്ടെന്നാണു പൊലീസ് പറയുന്നത്. ഡോക്ടറുടെ മൊഴിയും മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം രാഹുലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും.
അതേസമയം പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകളെ തട്ടികൊണ്ടുപോയതാകാമെന്ന പിതാവിന്റെ പരാതിക്ക് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തി്.തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു. താന്‍ ആരോപിച്ച സ്ത്രീധന പീഡനമടക്കം തള്ളിയ യുവതി തന്നെ നേരത്തെ സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പുതിയ വെളിപ്പെടുത്തല്‍. 'കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. വീട്ടില്‍ നില്‍ക്കാന്‍ സാധിച്ചില്ല. സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ട്. മാദ്ധ്യമങ്ങളോടുള്ള അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചു. എനിക്ക് പരിക്കേറ്റിട്ടില്ല. വേണമെങ്കില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. കല്യാണച്ചെലവ് വഹിച്ചത് രാഹുലാണ്. 50 പവന്‍ കൊടുക്കാമെന്ന് പറഞ്ഞത് അമ്മയാണ്', യുവതി വ്യക്തമാക്കി.
പ്രതിയായ രാഹുല്‍ മകളെ സ്വാധീനിച്ചതായിരിക്കാം മൊഴിമാറ്റത്തിന് കാരണമെന്നാണ് യുവതിയുടെ പിതാവ് നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും യുവതി വീഡിയോ പങ്കുവച്ചത്.'ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മകള്‍ തിരുവനന്തപുരത്തെ ഐ.ടി കമ്പനിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയത്. അതിന് ശേഷം എട്ടാം തീയതിവരെ മകളുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് അവള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്നാം തീയതി മുതല്‍ 21-ാം തീയതി വരെ മകള്‍ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നാലെ മകളെ കാണാന്‍ ഇല്ലെന്ന് പരാതി നല്‍കി. കേസില്‍ മകളുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ല', യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
https://www.facebook.com/Malayalivartha