ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം

കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ഇനി ചെയ്യരുതെന്ന് കോടതി താക്കീത് നല്‍കുകയും ചെയ്തു. സത്യം ഒരിക്കല്‍ പുറത്തുവരുമെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും സത്യഭാമ പ്രതികരിച്ചു. ഇരയ്ക്കൊപ്പം നില്‍ക്കാത്ത വിധിയാണെന്നും ജാമ്യം നല്‍കിയതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് രാമകൃഷ്ണന്റെ പ്രതികരണം.
നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. കീഴടങ്ങണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് അഡ്വ. ബി എ ആളൂരിനൊപ്പം നെടുമങ്ങാട് എസ് സി, എസ് ടി കോടതിയിലെത്തിയത്. ജാമ്യാപേക്ഷയില്‍ വാദപ്രതിവാദം നടന്നു.സത്യഭാമയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കറുപ്പിനെ വെറുപ്പാണെന്ന് പറഞ്ഞത് ഒരു ചെറിയ കേസായി കാണാന്‍ കഴിയില്ലെന്ന് രാമകൃഷ്ണന്റെ അഭിഭാഷകന്‍ വാദിച്ചു. പ്രതി അദ്ധ്യാപികയാണ്, മകനെപ്പോലെ സംരക്ഷിക്കേണ്ടയാളാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ജാമ്യം നല്‍കരുതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
വാദിയെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നും പ്രോസിക്യൂഷനും വാദിച്ചു. അഞ്ച് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നും അതിനാല്‍ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ആളൂരിന്റെ വാദം. വിവാദ പരാമര്‍ശം മൂലം വിദ്യാര്‍ത്ഥികളില്‍ പലരും അകന്നുപോയെന്നും സ്വകാര്യ ജീവിതത്തില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്നും പ്രതിഭാഗം വാദിച്ചു.
https://www.facebook.com/Malayalivartha
























