മാസപ്പടിയിൽ സർപ്രൈസ് ട്വിസ്റ്റ്! പ്രതിസ്ഥാനത്ത് മുഖ്യനും മകളും;സർക്കാരും പാർട്ടിയും ഊരി...ഞെട്ടി വിറച്ച് മുഖ്യൻ

സി.എം. ആർ. എൽ–എക്സാലോജിക് ഇടപാടുമായി കേരള ഹൈക്കോടതി ബന്ധപ്പെടുത്താത്ത സാഹചര്യത്തിൽ പിണറായി വിജയനും മകൾ വീണക്കുമെതിരെയുള്ള കേസിൽ ഇടപെടേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചേക്കും. സി.എം.ആർ.എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് മാത്യു കുഴൽനാടന്റെ വാദം. കുഴൽനാടന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാതെ പിണറായി വിജയൻ, വീണ വിജയൻ എന്നിവരെ മാത്രം എതിർകക്ഷികളാക്കിയതിൽ പ്രോസിക്യൂഷൻ അസ്വഭാവികത ഉന്നയിച്ചു. എന്നാൽ, ആരെ വേണമെങ്കിലും എതിർകക്ഷികളാക്കാമെന്നും സാങ്കേതികത്വം പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും ഹർജിക്കാരൻ മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ സിഎംഎആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർക്ക് കോടതി നോട്ടീസ് നൽകിയത്. ചുരുക്കത്തിൽ ഇടതുമുന്നണി സർക്കാരും മുഖ്യമന്ത്രി പദവിയും കേസിൽ നിന്നും ഊരിയെന്ന് പറയാം. ഇനി യുദ്ധ മുഖത്ത് പിണറായി വിജയനും മകളും മാത്രമാണുള്ളത്. വലിയ പ്രതിസന്ധിയിലാണ് പിണറായി എത്തി നിൽക്കുന്നത്. തന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, മകൾ വീണ, സിഎംആർഎൽ, എക്സാലോജിക് എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് ജസ്റ്റിസ് കെ.ബാബു നോട്ടിസ് അയച്ചത്.
സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കുഴൽനാടൻ നൽകിയ ഹർജി. ഇതാണ് വിജിലൻസ് കോടതി തള്ളിയത്. ഇതിനെതിരെ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിജിലൻസ് കോടതി ഹർജി തള്ളിയത്. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നു ഹർജിയിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ടു രാഷ്ട്രീയപ്രേരിതം എന്നു പറയാൻ സാധിക്കില്ലെന്നും കുഴൽനാടൻ പറയുന്നു.
സിഎംആർഎല്ലിനു നൽകിയ സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് എക്സാലോജിക്കിന് 1.72 കോടി കൈമാറിയിരിക്കുന്നത്. എന്നാൽ ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ് ഈ പണം നൽകിയിരിക്കുന്നത് എന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണവും ഇഡി അന്വേഷണവും നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഇപ്പോള്‍ കുഴൽനാടന്റെ ഹർജിയും ഹൈക്കോടതി മുമ്പാകെ എത്തിയത്. ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്ലും കെഎസ്ഐഡിസിയും സമർപ്പിച്ച ഹർജികളും ഹൈക്കോടതിയിലുണ്ട്.. ഇതേ ആവശ്യവുമായി സമീപിച്ച ഗിരീഷ് ബാബുവിന്റെ ഹർജിയിൽ കോടതി ഉത്തരവ് പറയാനിരിക്കെ ആണ് പ്രതിപക്ഷ എംഎൽഎയുടെ ഹർജിയിലും കോടതി കോടതി അഭിഭാഷകൻ വഴി നോട്ടീസ് അയച്ചത്.
നേരത്തെ കളമശ്ശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയിൽ കോടതി മുഖ്യമന്ത്രി, മകൾ വീണ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർക്ക് നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ വാദം നടന്ന് ഉത്തരവ് പറയാനിരിക്കെ ആണ് മാത്യു കുഴൽനാടൻ ഹർജിയുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 6നാണ് തിരുവനന്തപുരം വിജിലൻസ് കോടതി, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതും തുടർന്ന് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചതും. മാത്യു കുഴൽനാടന്റെ ഹർജി വരുന്ന ജൂലൈ 2നും ഗിരീഷ് ബാബുവിന്റെ ഹർജി ജൂലൈ 3 നും ഹൈക്കോടതി സിംഗിൽ ബെഞ്ച് ജസ്റ്റിസ് കെ ബാബു പരിഗണിക്കും.
കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് ഹര്‍ജിക്കാരനായ മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു.എക്സാലോജിക് , സിഎംആര്‍എല്‍ മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമെന്ന് വി.ഡി.സതീശൻ പറഞ്ഞു. മാത്യു കുഴൽനാടന്റെ നിയമ പോരാട്ടം തുടരും. പാർട്ടി പൂർണ പിന്തുണ നൽകുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സാധാരണഗതിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെതായി ഒരു പ്രസ്താവന വരാറുണ്ട്. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടി നിൽക്കുന്ന സിപിഎമ്മിന് ഒരു പ്രസ്താവന ഇറക്കാനുള്ള ധൈര്യം പോലും ഇല്ല എന്നതാണ് വാസ്തവം. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻറെ സർക്കാരിനെതിരെ അതിശക്തമായ വിമർശനങ്ങളാണ് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയൻറെ കെടുകാര്യസ്ഥത ഒന്നുകൊണ്ട് മാത്രമാണ് ഇലക്ഷൻ തോറ്റതെന്ന് സിപിഐ നേതാക്കൾ പരസ്യമായി പറയുന്ന സാഹചര്യം നിലവിലുണ്ട്. സിപിഐയുടെ പരസ്യ വിമർശനങ്ങൾക്ക് സിപിഎം മറുപടി പറയുന്നുമില്ല. ഇതിനിടയിലാണ് സിപിഐയുടെ വാദങ്ങളെ ശരിവെച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻറെ മകൾക്കുമെതിരെ കോടതി നോട്ടീസ് അയച്ചിരിക്കുന്നത് . പിണറായി വിജയൻറെ സ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ ആയിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കുന്നത് രസകരമായ കാര്യമാണ്. സീസറിന്റെ ഭാര്യ വിശുദ്ധയായിരിക്കണം എന്ന ഒരു പ്രസ്താവനയുടെ ബാക്കിയായിട്ടാണ് കേരള രാഷ്ട്രീയത്തിലെ മഹാമേരുവായിരുന്ന കെഎം മാണി ധനകാര്യ മന്ത്രിസ്ഥാനം രാജിവെച്ചത്. അദ്ദേഹത്തിന് കോടതി നോട്ടീസ് നൽകിയിരുന്നില്ല. കോടതി നോട്ടീസ് നൽകുക എന്നാൽ കോടതി വിശദീകരണം ചോദിക്കുക എന്നാണ് അർത്ഥം. പ്രതിസ്ഥാനത്ത് ഉള്ളവരിൽ നിന്നാണ് കോടതി വിശദീകരണം ചേദിക്കുന്നത്. പിണറായി വിജയനും മകളും ഇപ്പോൾ നിൽക്കുന്നത് പ്രതിസ്ഥാനത്താണ്. പ്രതിപക്ഷത്തെ കരുത്തനായ യുവ എംഎൽഎയാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുള്ളത് . അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ല. മുഖ്യമന്ത്രിക്കെതിരെ സാധാരണ ഗതിയിൽ കോടതി നോട്ടീസ് അയക്കാറില്ല. അതുകൊണ്ടു കൂടിയാണ് മാസപ്പടി കേസിൽ സർക്കാരിനെ ഹൈക്കോടതി കക്ഷി ചേർക്കാത്തത് . മുഖ്യമന്ത്രി എന്ന വ്യക്തിപ്രഭാവം ഉപയോഗിച്ച് മകൾ അഴിമതി നടത്തിയെന്നാണ് വാദം. ഇതിൽ സഹമന്ത്രിമാർക്ക് യാതൊരു പങ്കുമില്ല. അതു തന്നെയാണ് സി പി എമ്മിന്റെ കരുത്ത്. മാസപ്പടി വിഷയം ഏറെടുക്കാൻ സി പി എം തയ്യാറാകാത്തതും അതുകൊണ്ടു തന്നെയാണ്. വീണയുടെ കമ്പനി പ്രതിസ്ഥാനത്ത് വന്നാൽ അവർ മറുപടി പറയട്ടേ എന്നാണ് പാർട്ടിയുടെ വിവാദം. പിണറായി തോറ്റമ്പിയ സാഹചര്യത്തിൽ ഇനി പാർട്ടി ഇക്കാര്യം ഏറ്റെടുക്കുകയേയില്ല. അതായത് എല്ലാ കണ്ണുകളും പിണറായിയിലാണ്.
കരിമണൽ കമ്പനി വാങ്ങിയ ഭൂമിക്ക് ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കാൻ സഹായിക്കുന്ന വിധത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും നൽകിയ റിപ്പോർട്ട് മാത്യു കുഴൽ നാടൻ കോടതിയിൽ ഹാജരാക്കി. ഈ അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും സി എം ആർ എൽ അപേക്ഷ ലാൻഡ് ബോർഡ് തള്ളിയതാണെന്ന് വിജിലൻസ് പ്രോസിക്യൂഷൻ അറിയിച്ചു. സ്വകാര്യവ്യക്തികളുടെ ഖനനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം ലംഘിച്ച് സിഎംആർഎൽ അപേക്ഷ പരിഗണിക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്സ് കുഴൽ നാടൻ ഹാജരാക്കി. മിനിറ്റ്സിൽ സി എം ആർ എലിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടാനുള്ള നിർദ്ദേശമാണ് ഉള്ളതെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റിയതിന് സർക്കാരിൽ നിന്നും പ്രത്യുപകാരം ലഭിച്ചെന്നാണ് കുഴൽനാടന്റെ ആരോപണം. ഇതിനുള്ള രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെങ്കിലും അതൊന്നും അഴിമതി സ്ഥാപിക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അങ്ങനെയാണ് പുതിയ രേഖകൾ ഹാജരാക്കാൻ കുഴൽനാടൻ നിർബന്ധിതനായത്.
കുടൽ നാടൻ ഹാജരാക്കിയ നാല് രേഖകളും സർക്കാർ സഹായം പരസ്യമായി സമ്മതിക്കുന്നതാണ് . മുഖ്യമന്ത്രിയും സർക്കാരും എന്തുതന്നെ പറഞ്ഞാലും സ്വകാര്യ കമ്പനിയുടെ മുതലാളിയെ രക്ഷിക്കാൻ ഇടതു സർക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതായി മനസ്സിലാക്കാം. ഒരു സ്വകാര്യ മുതലാളിക്ക് വേണ്ടി സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം നിലകൊണ്ടതിന്റെ തെളിവാണ് കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്.
ഇടതു സർക്കാരുകളുടെ പരിസ്ഥിതി പ്രേമം പഴങ്കഥയായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍ 2019 ൽ ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധം വെറും 12 ദിവസത്തിനുള്ളില്‍ പിണറായി സർക്കാർ പിന്‍വലിച്ചു. 2019 ഓഗസ്റ്റ് ഒന്‍പതിന് നിർത്തിവച്ച ഖനന പ്രവര്‍ത്തനങ്ങൾ 21നു പുനസ്ഥാപിച്ചു. ഖനന മാഫിയക്ക് സർക്കാർ പൂർണമായും കീഴടങ്ങിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായത് . ഖനന മേഖല സ്തംഭിക്കുകയാണെങ്കിൽ സർക്കാരിന്റെ വരുമാനം നിലയ്ക്കും എന്നതാണ് യാഥാർത്ഥ്യം. ഇത് ശശിധരൻ കർത്തയ്ക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു.
പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം കാരണമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികൾ തുടങ്ങിവച്ചു. ഇതിന്റെ തുടര്‍ച്ചയാണ് യഥേഷ്ടം നൽകിയ ഖനനാനുമതി. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതിന് കാരണം ക്വാറികൾ അനുവദിക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സർക്കാരിന് അറിയാമായിരുന്നത് കൊണ്ടാണ്. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറികൾ 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന ഇടത് സർക്കാർ 50 മീറ്ററാക്കി. ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി.
വി എസ് സർക്കാരിന്റെ കാലത്ത് ഖനനത്തിന് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഖനനത്തിന് അനുമതി നൽകണമെന്ന് സിപിഎം സർക്കാരിനോട് അക്കാലത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അന്നും വ്യവസായ വകുപ്പ് പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈയിലായിരുന്നു. എന്നാൽ ഇത്തരം നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രിയാണ് കൈകൊണ്ടിരുന്നത്. ഖനനത്തിന് അനുമതി നൽകുന്നതിനോട് വി എസിന് പൂർണമായ വിയോജിപുണ്ടായിരുന്നു. ഖനനാനുമതി സ്വകാര്യ മേഖലക്ക് നൽകിയത് ശശിധരൻ കർത്തക്ക് വേണ്ടിയാണെന്ന് വി.എസ് പക്ഷം ഇന്നും വിശ്വസിക്കുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അക്കാലത്ത് പല വികസന പദധതികൾക്കും വി എസ് തടസ്സം നിന്നിരുന്നു. പരിസ്ഥിതിയെ ഇല്ലാതാക്കി വികസനം വേണ്ടെന്നായിരുന്നു വി എസിന്റെ നിലപാട്. ഇത് പാർട്ടിയും സർക്കാരും തമ്മിൽ കടുത്ത കലഹത്തിന് ഇടയാക്കി. ഖനനം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുകയുള്ളു.കോടി കണക്കിന് രൂപയാണ് കമ്മീഷൻ ഇനത്തിൽ പാർട്ടിക്ക് ലഭിക്കുന്നത്. ക്വാറികൾക്ക് അനുമതി യഥേഷ്ടം നൽകുന്നതിൽ ഉദ്യോഗസ്ഥർക്കും സന്തോഷമാണ്. മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർക്ക് ഖനനത്തിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളാണ്. പാർട്ടി നിലനിൽക്കുന്നതും ക്വാറി മാഫിയയുടെ സഹായത്തോടെയാണ്.
2019 ൽ തന്നെയാണ് കരിമണല്‍ സ്വകാര്യ മേഖലയിൽ ഖനനം ചെയ്യാനുള്ള നീക്കവുമുണ്ടായത്. ഇ.പി. ജയരാജൻ ആയിരുന്നു അന്ന് മന്ത്രി. സി പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വ്യവസായ വകുപ്പ് സമർപ്പിച്ചത്.
സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു എന്ന ചോദ്യം ഉയർന്നു. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ മറികടന്നാണ് വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്. ഇതിന് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നത് . ചൂടു വെള്ളത്തിൽ വീണ ഇ പി ജയരാജൻ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല എന്ന് എല്ലാവരും കരുതി. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ടുകൾ റിപ്പോർട്ട് ചെയ്തത്. . നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിഞ്ഞില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.. പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ് ഇതിനർത്ഥം. .
ഇതിനു പിന്നാലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്കാന് തുനിഞ്ഞത്.
ഖനനത്തിന് ആദ്യം അനുമതി നൽകിയത് 2019 ലെ ലോക്സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടി കണക്കിന് രൂപയാണ് സ്വകാര്യ ഖനനകരാറിലൂടെ മറിഞ്ഞത്. കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ കൂടി ഉപതെരഞ്ഞടുപ്പിന് കളമൊരുങ്ങിയിട്ടുണ്ട്. തെരഞ്ഞടുപ്പിൽ അഴിമതിക്കുള്ള കാഹളമാണ് ഇതിലൂടെ മുഴങ്ങുന്നതെന്ന് ആരോപിക്കുന്നതിൽ തെറ്റില്ല. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തിൽ മുതലാളിമാരുടെ കടാക്ഷം സി പി എമ്മിന് മേൽ എന്നും ഉണ്ടായിരിക്കും.
ഇത്തരത്തിൽ സർക്കാർ അറിഞ്ഞു കൊണ്ടു നൽകിയ അനുമതികളാണ് ഇപ്പോൾ പിണറായിയുടെ തലയിലായിരിക്കുന്നത് . തീർത്തും അപ്രതീക്ഷിതമായിരുന്നു പിണറായിക്ക് ഇത് . അതുകൊണ്ടാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ വിഷയം സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചത്.പക്ഷേ കോടതി വഴങ്ങിയില്ല. കാരണം സർക്കാർ എന്നത് പിണറായിയാണെന്ന് കോടതിക്കറിയാം.
https://www.facebook.com/Malayalivartha

























