പ്രിയങ്കാ ഗാന്ധി ഞെട്ടിപ്പിക്കും... സംസ്ഥാനത്ത് മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ ഉടനുണ്ടാകുന്നത് പരിഗണിച്ച് കോണ്‍ഗ്രസ് മുന്നൊരുക്കത്തിന്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി ഉറപ്പിച്ചതോടെ പോരാട്ടം ദേശീയ ശ്രദ്ധയില്‍; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കര രമ്യയ്ക്കും സാധ്യത

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മറ്റൊരു അങ്കത്തിന് വേദിയൊരുങ്ങുകയാണ്. സംസ്ഥാനത്ത് മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ ഉടനുണ്ടാകുന്നത് പരിഗണിച്ച് കോണ്‍ഗ്രസ് ചിട്ടയായ മുന്നൊരുക്കത്തിന്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതുകൊണ്ട് ദേശീയതലത്തിലുള്ള നേതാക്കളുടെയടക്കം ശ്രദ്ധയുണ്ടാകും.
വയനാടിന്റെ പൊലിമയില്‍ പാലക്കാട്, ചേലക്കര എന്നീനിയമസഭാമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ വീഴ്ചയുണ്ടാകരുതെന്നുകണ്ടാണ് മുന്നൊരുക്കം. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ രമ്യാ ഹരിദാസിനുമാണ് സാധ്യതയുള്ളത്. വ്യാഴാഴ്ച കെ.പി.സി.സി.യും യു.ഡി.എഫും യോഗം ചേരുന്നുണ്ട്. ഇതില്‍ സ്ഥാനാര്‍ഥിക്കാര്യങ്ങളൊന്നും ചര്‍ച്ചയുണ്ടാകില്ലെങ്കിലും, ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആസൂത്രണംചെയ്യും.
ബൂത്തുകളെ പലവിഭാഗങ്ങളായി തിരിച്ച് പ്രചരണത്തിനും മറ്റ് ഒരുക്കങ്ങള്‍ക്കുമുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. ഷാഫി പറമ്പില്‍ ഒഴിഞ്ഞ പാലക്കാട്ട് അദ്ദേഹത്തിന്റെ താത്പര്യത്തിന് കോണ്‍ഗ്രസ് ഊന്നല്‍ നല്‍കും. ഇതാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധ്യതയേറുന്നത്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ സംവരണ മണ്ഡലമാണ് ചേലക്കര. രമ്യ വിജയിച്ച 2019-ലടക്കം എല്‍.ഡി.എഫിന് ലീഡ് നല്‍കിയ മണ്ഡലമാണിത്. 2011 മുതല്‍ കെ. രാധാകൃഷ്ണന്‍ മത്സരിക്കുമ്പോഴാണ് ചേലക്കര എല്‍.ഡി.എഫിനെ കൂടുതല്‍ വോട്ടു നല്‍കി പിന്തുണച്ചിട്ടുള്ളത്.
2011-ലും 2021-ലും 50 ശതമാനത്തിനുമുകളില്‍ വോട്ട് രാധാകൃഷ്ണന്‍നേടി. 2016-ല്‍ രാധാകൃഷ്ണന്‍ മാറിയപ്പോള്‍ 44.81 ശതമാനമാണ് എല്‍.ഡി.എഫിന്റെ വോട്ടുവിഹിതം. ഭൂരിപക്ഷം 10,200 ആയികുറയുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ മത്സരിച്ചപ്പോഴും ചേലക്കര ആറായിരത്തിനടുത്ത് വോട്ടുകളാണ് എല്‍.ഡി.എഫിന് അധികം നല്‍കിയത്. ഇത് രമ്യയുടെ നേട്ടമായി കോണ്‍ഗ്രസ് കണക്കാക്കുന്നുണ്ട്. സിറ്റിങ് എം.പി.യായിരുന്നതും, കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും പരിഗണിക്കുമ്പോള്‍ പതിയ ഒരാളെ നിര്‍ത്തുന്നതാകുമോ ഗുണമെന്ന ചിന്തയും പാര്‍ട്ടിയിലുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എ.കെ. ബാലന്റെ ഭാര്യയും ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറുമായ ഡോ. പി.കെ. ജമീലയെ ചേലക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ട്. ആലത്തൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 18.97 ശതമാനം വോട്ടുനേടിയ ടി.എന്‍. സരസുവിനെ ബി.ജെ.പി.യും പരിഗണിക്കുന്നുണ്ട്. ജൂലായ് അവസാനത്തോടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം റായ്ബറേലിയെന്നപോലെ വയനാടും ഗാന്ധികുടുംബത്തിന്റെ തട്ടകമാവുകയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 16 ലോക്സഭാമണ്ഡലങ്ങളില്‍ ഇനിയിപ്പോള്‍ ഇവിടെ മറ്റൊരു സ്ഥാനാര്‍ഥിയെയും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഗാന്ധി കുടുംബത്തിന് സ്വന്തമാവുന്നു എന്ന് സാരം.
കേരളം പിടിക്കുക എന്ന ബി.ജെ.പി.യുടെ 'മഹാ'പദ്ധതിക്ക് കോണ്‍ഗ്രസ് നല്‍കുന്ന മറുപടികൂടിയാണ് പ്രിയങ്കയുടെ വയനാട്ടിലേക്കുള്ള വരവ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം അതിഗൗരവത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. ഹിന്ദു-ക്രിസ്ത്യന്‍ കൂട്ടുകെട്ടിലൂടെ കേരളത്തിലുടനീളം തൃശ്ശൂര്‍ ആവര്‍ത്തിക്കാനാവുമെന്ന സംഘപരിവാറിന്റെ കണക്കുകൂട്ടല്‍ പൊളിക്കാന്‍ കോണ്‍ഗ്രസിലെ ഏറ്റവും ഗ്ലാമറുള്ള നേതാവിനെത്തന്നെ കളത്തിലിറക്കുകയാണ് കോണ്‍ഗ്രസ്.
2026-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍നിന്ന് നയിക്കാനും പ്രിയങ്കയുണ്ടാവും. മൂന്നാംവട്ടവും തുടര്‍ച്ചയായി കേരളത്തില്‍ അധികാരം നിലനിര്‍ത്താനുള്ള സി.പി.എം. അജന്‍ഡയ്ക്കുള്ള വലിയൊരു വെല്ലുവിളികൂടിയാണ് പ്രിയങ്കയുടെ രംഗപ്രവേശം. അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാവുമെന്നതില്‍ പ്രിയങ്കയുടെ പങ്ക് നിര്‍ണായകമാവുമെന്നുകൂടി ഇതിനര്‍ഥമുണ്ട്. കേരളത്തില്‍ ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ് കളിക്കുന്ന പരിപാടിക്കും പ്രിയങ്കയുടെ വരവ് തടയിടും.
https://www.facebook.com/Malayalivartha

























